മുൻകാലങ്ങളിൽ മുതിർന്നവരെ മാത്രം ബാധിച്ചിരുന്ന ഒരു ആരോഗ്യപ്രശ്നമായിരുന്ന ഹൃദയാഘാതം, ഇന്ന് 30 മുതൽ 40 വയസ്സ് വരെയുള്ള യുവാക്കളിലും വർധിച്ചുവരികയാണ്. സമൂഹമാധ്യമങ്ങളിലും വാർത്തകളിലും യുവാക്കൾ പെട്ടെന്ന് കുഴഞ്ഞുവീണ് മരിക്കുന്ന സംഭവങ്ങൾ പതിവാകുന്നത് അതീവ ഗൗരവത്തോടെ കാണേണ്ട
വിഷയമാണ്. എന്താണ് ഹൃദയാഘാതം?
ഹൃദയപേശികളിലേക്ക് രക്തം എത്തിക്കുന്ന കൊറോണറി ആർട്ടറികളിൽ അപ്രതീക്ഷിതമായി തടസ്സങ്ങൾ ഉണ്ടാകുമ്പോൾ ആവശ്യമായ ഓക്സിജൻ ലഭിക്കാതെ വരുന്നു.
ഇതാണ് ഹൃദയാഘാതത്തിലേക്ക് നയിക്കുന്നത്. സമയബന്ധിതമായ ഇടപെടൽ ഉണ്ടായില്ലെങ്കിൽ ഹൃദയപേശികൾക്ക് സ്ഥിരമായ കേടുപാടുകൾ സംഭവിക്കുകയും ജീവഹാനി വരെ ഉണ്ടാവുകയും ചെയ്യാം.
യുവാക്കളിൽ ഹൃദ്രോഗം വർധിക്കുന്നതിനുള്ള പ്രധാന കാരണങ്ങൾ
1. ജീവിതശൈലീ മാറ്റങ്ങൾ: നീണ്ടനേരം കമ്പ്യൂട്ടറിന് മുന്നിലിരുന്നുള്ള ജോലി, ശാരീരിക അധ്വാനത്തിന്റെ കുറവ്, വാഹനങ്ങളെ അമിതമായി ആശ്രയിക്കൽ എന്നിവ ഹൃദ്രോഗ സാധ്യത വർധിപ്പിക്കുന്നു.
2.
പുകയില ഉപയോഗം: സിഗരറ്റ്, ബീഡി, ഇ-സിഗരറ്റ് തുടങ്ങിയവ രക്തക്കുഴലുകളെ ദോഷകരമായി ബാധിക്കുകയും രക്തം കട്ടപിടിക്കാൻ കാരണമാവുകയും ചെയ്യുന്നു.
3. പ്രമേഹവും രക്തസമ്മർദ്ദവും: മധ്യവയസ്കരിൽ കണ്ടുവന്നിരുന്ന പ്രമേഹവും ഹൈപ്പർടെൻഷനും ഇന്ന് യുവാക്കളിലും സാധാരണമായി മാറിയിരിക്കുന്നു.
4.
കൊളസ്ട്രോൾ വർധന: ഫാസ്റ്റ് ഫുഡ്, സംസ്കരിച്ച ഭക്ഷണങ്ങൾ എന്നിവയുടെ ഉപയോഗം മോശം കൊളസ്ട്രോൾ (LDL) ഉയരാനും ധമനികളിൽ കൊഴുപ്പ് അടിയാനും കാരണമാകുന്നു.
5. മാനസിക സമ്മർദ്ദം: തൊഴിൽ സമ്മർദ്ദം, സാമ്പത്തിക ബാധ്യതകൾ, ഉറക്കക്കുറവ് എന്നിവ ദീർഘകാലാടിസ്ഥാനത്തിൽ ഹൃദയാരോഗ്യത്തെ തകർക്കുന്നു.
6.
അമിതവണ്ണം: വയറിനു ചുറ്റുമുള്ള കൊഴുപ്പ് (Central Obesity) പ്രമേഹത്തിനും ഉയർന്ന ബിപിക്കും പ്രധാന കാരണമാണ്.
7. കുടുംബ പാരമ്പര്യം: കുടുംബത്തിൽ നേരത്തെ ഹൃദയാഘാതം ഉണ്ടായ ചരിത്രമുള്ളവർ കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ട്.
പ്രധാന ലക്ഷണങ്ങൾ
നെഞ്ചിന്റെ മധ്യഭാഗത്ത് അമർത്തിപ്പിടിക്കുന്നതുപോലുള്ള വേദന, ഈ വേദന കൈകളിലേക്കോ താടിയിലേക്കോ വ്യാപിക്കുക, നടക്കുമ്പോൾ കിതപ്പ്, ശ്വാസംമുട്ടൽ, അമിത വിയർപ്പ്, ക്ഷീണം, തലകറക്കം, നെഞ്ചിടുപ്പ് എന്നിവ കണ്ടാൽ അവഗണിക്കരുത്. പ്രമേഹരോഗികളിൽ നെഞ്ചുവേദന ഇല്ലാതെയും ഹൃദയാഘാതം വരാമെന്നത് ശ്രദ്ധിക്കുക.
പ്രതിരോധ മാർഗങ്ങൾ
പുകവലി പൂർണമായും ഉപേക്ഷിക്കുക, ദിവസവും ചുരുങ്ങിയത് 150 മിനിറ്റ് വ്യായാമം ചെയ്യുക, പോഷകസമൃദ്ധമായ ഭക്ഷണം ശീലിക്കുക, ശരീരഭാരം ക്രമീകരിക്കുക, ബിപി-ഷുഗർ അളവുകൾ കൃത്യമായി നിരീക്ഷിക്കുക, ഏഴ് മുതൽ എട്ട് മണിക്കൂർ വരെ ഉറക്കം ഉറപ്പാക്കുക, 30 വയസ്സിന് ശേഷം പതിവ് ആരോഗ്യ പരിശോധനകൾ നടത്തുക എന്നിവ അത്യാവശ്യമാണ്. ഡോ.
ജയസൂര്യ പി ജി (കാർഡിയോളജിസ്റ്റ്, അൽ അസ്ഹർ മെഡിക്കൽ കോളേജ്, തൊടുപുഴ) അഭിപ്രായപ്പെടുന്നത് പ്രകാരം, “യുവത്വം എന്നത് ഹൃദ്രോഗത്തിൽ നിന്ന് സംരക്ഷണം നൽകുന്ന ഒരു കവചമല്ല”. കൃത്യമായ ജീവിതശൈലിയിലൂടെയും മുൻകരുതലുകളിലൂടെയും ഭൂരിഭാഗം അപകടഘടകങ്ങളെയും നമുക്ക് നിയന്ത്രിക്കാൻ സാധിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

