എഴുകോൺ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന സിപിഐ നെടുവത്തൂർ മണ്ഡലം കമ്മിറ്റി യോഗത്തിൽ തിരഞ്ഞെടുപ്പ് പരാജയങ്ങളെ സംബന്ധിച്ചും പാർട്ടി നേതൃത്വത്തിന്റെ പ്രവർത്തന ശൈലിക്കെതിരെയും കടുത്ത വിമർശനങ്ങൾ ഉയർന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ ഏകാധിപത്യ മനോഭാവം എൽഡിഎഫിന് വലിയ തിരിച്ചടിയായെന്നും, ഇത് തിരുത്താൻ സിപിഎമ്മിലോ സിപിഐയിലോ ഉത്തരവാദിത്തപ്പെട്ട
ആരും തയ്യാറായില്ലെന്നും യോഗത്തിൽ അഭിപ്രായമുയർന്നു. ചാത്തന്നൂരിലെ തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചുള്ള വിലയിരുത്തലിൽ സിപിഐ, സിപിഎം വോട്ടുകൾ ബിജെപിക്ക് മറിച്ചുനൽകിയതാണ് സ്ഥാനാർത്ഥി ആർ.
രാജേന്ദ്രന്റെ പരാജയത്തിന് കാരണമായതെന്ന് യോഗം നിരീക്ഷിച്ചു. ഇടതുപക്ഷത്തിന് വ്യക്തമായ സ്വാധീനമുള്ള പല പഞ്ചായത്തുകളിലും ബിജെപി സ്ഥാനാർത്ഥികൾ ലീഡ് നേടിയത് ഇതിന്റെ തെളിവായി ചൂണ്ടിക്കാട്ടപ്പെട്ടു.
ഭരണവിരുദ്ധ വികാരമോ ന്യൂനപക്ഷ ഏകീകരണമോ ആയിരുന്നെങ്കിൽ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു വിജയിക്കേണ്ടിയിരുന്നത്. ചടയമംഗലത്ത് ജെ.സി.
അനിലിന്റെയും മുസ്തഫയുടെയും നേതൃത്വത്തിൽ വലിയൊരു വിഭാഗം പ്രവർത്തകർ പാർട്ടി വിട്ടതാണ് ജെ. ചിഞ്ചുറാണിയുടെ പരാജയത്തിലേക്ക് നയിച്ചത്.
മുൻ മന്ത്രിയും സംസ്ഥാന സെക്രട്ടേറിയറ്റംഗവും നേരിട്ട് പ്രചാരണത്തിന് നേതൃത്വം നൽകിയിട്ടും പാർട്ടി സംവിധാനങ്ങൾ വേണ്ടത്ര ഉണർന്നു പ്രവർത്തിച്ചില്ലെന്നും വിമർശനമുയർന്നു. കരുനാഗപ്പള്ളിയിലെ സ്ഥാനാർത്ഥി എം.എസ്.
താരയുടെ പരാജയത്തിന് പിന്നിൽ സംഘടനാപരമായ വീഴ്ചകളാണെന്ന് യോഗം വിലയിരുത്തി. സംസ്ഥാന നേതൃത്വത്തിന് നേരെയും രൂക്ഷമായ വിമർശനങ്ങളുണ്ടായി.
ആശാ സമരത്തെ നേരത്തെ തള്ളിപ്പറയുകയും പിന്നീട് പരാജയത്തിന് ശേഷം അനുകൂലിക്കുകയും ചെയ്ത സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ നിലപാട് നേതൃപരമായ പരാജയമാണെന്ന് അംഗങ്ങൾ അഭിപ്രായപ്പെട്ടു. ജനകീയ സമരങ്ങളിൽ നിന്ന് പാർട്ടി അകന്നത് അണികൾക്കിടയിൽ അതൃപ്തിയുണ്ടാക്കി.
ജില്ലാ നേതൃത്വത്തിന്റെ നിലപാടുകൾ മൂലം ജില്ലയിൽ ആയിരക്കണക്കിന് പ്രവർത്തകർ മറ്റ് പാർട്ടികളിലേക്ക് ചേക്കേറിയെന്നും, പാർട്ടി അണികളെ മറ്റ് പ്രസ്ഥാനങ്ങൾക്ക് സംഭാവന ചെയ്യുന്ന അവസ്ഥയിലായെന്നും യോഗത്തിൽ പരാതിയുയർന്നു. താഴേത്തട്ടിലെ വികാരം മാനിക്കാതെ തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുന്ന രീതി പാർട്ടി വിരുദ്ധ വികാരം ശക്തിപ്പെടുത്തി.
തുടർഭരണം ആഗ്രഹിക്കാത്ത വലിയൊരു വിഭാഗം സിപിഎം, സിപിഐ അണികൾ എൽഡിഎഫിന് എതിരായി വോട്ട് രേഖപ്പെടുത്തിയത് തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചു. ഭരണത്തിന്റെ ആനുകൂല്യങ്ങൾ ഒരു വിഭാഗത്തിന് മാത്രം ലഭിക്കുന്നതിലുള്ള അസ്വാസ്ഥ്യമാണ് അടിസ്ഥാന ഇടതു വോട്ടുകൾ ചോരാൻ ഇടയാക്കിയത്.
മണ്ഡലം കമ്മിറ്റി യോഗത്തിൽ സംസ്ഥാന സെക്രട്ടേറിയറ്റംഗം ആർ. രാജേന്ദ്രൻ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ ആർ.
ലതാദേവി, എ. മന്മഥൻ നായർ, ജില്ലാ നിർവാഹക സമിതിയംഗം കെ.
ജഗദമ്മ തുടങ്ങിയവർ പങ്കെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

