കൊച്ചിയിലെ ഒരു വീട്ടുടമയ്ക്ക് താൻ വാങ്ങിയ വീടിന്റെ വൈദ്യുതി കണക്ഷൻ സ്വന്തം പേരിലേക്ക് മാറ്റിക്കിട്ടാൻ നേരിടേണ്ടി വന്നത് നീണ്ട 24 വർഷത്തെ നിയമപോരാട്ടം.
ഒടുവിൽ പരാതി വൈദ്യുതി ഓംബുഡ്സ്മാന് മുന്നിലെത്തിയപ്പോൾ, കെഎസ്ഇബി ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയ്ക്ക് നാലര ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവായിരിക്കുകയാണ്. തമ്മനം പള്ളത്ത് റോഡ് സ്വദേശിയായ റീത്ത പി.
അന്തോണി 1998-ൽ വാങ്ങിയ വീടിന്റെ കണക്ഷൻ മാറ്റുന്നതിനായി 1998 മാർച്ച് 13-ന് പാലാരിവട്ടം സെക്ഷൻ ഓഫീസിൽ അപേക്ഷയും 9200 രൂപ ഫീസും അടച്ചിരുന്നു. ഉടമസ്ഥാവകാശം മാറ്റുന്നതിനൊപ്പം കണക്ഷൻ സിംഗിൾ ഫേസിൽ നിന്നും ത്രീ ഫേസിലേക്ക് ഉയർത്തുക എന്നതും ഇതിൽ ഉൾപ്പെട്ടിരുന്നു.
ഏതാണ്ട് നാല് മാസത്തിനുള്ളിൽ ത്രീ ഫേസ് കണക്ഷൻ അനുവദിച്ചെങ്കിലും, ഉടമസ്ഥാവകാശം മാറ്റുന്നതിൽ ബോർഡ് അലംഭാവം തുടർന്നു. സെക്യൂരിറ്റി തുകയായി കെട്ടിവെച്ച 3000 രൂപ അപേക്ഷകയുടെ അക്കൗണ്ടിലേക്ക് തിരികെ നൽകിയില്ലെന്നും പരാതിയുണ്ട്.
വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയ്ക്ക്, തുക അടച്ചിട്ടില്ലെന്നും അപേക്ഷ ലഭിച്ചിട്ടില്ലെന്നുമാണ് അന്ന് അധികൃതർ മറുപടി നൽകിയത്. തുടർന്ന്, 2022 നവംബർ 3-ന് മാത്രമാണ് ഉടമസ്ഥാവകാശം മാറ്റാൻ കെഎസ്ഇബി തയ്യാറായത്.
സെക്യൂരിറ്റി ഡിപ്പോസിറ്റ് തുകയിൽ 50 രൂപ കുറവായിരുന്നത് ചോദ്യം ചെയ്തപ്പോൾ, 1998-ൽ തന്നെ ഈ തുക അക്കൗണ്ടിൽ ചേർത്തിട്ടുണ്ടെന്ന വിചിത്ര വാദമാണ് ബോർഡ് ഉന്നയിച്ചത്. തുടർന്ന് 2023 ഫെബ്രുവരി 4-ന് മാത്രമാണ് ബാക്കി തുകയായ 2950 രൂപ വരവുവെച്ചത്.
ഈ സാഹചര്യത്തിലാണ് പരാതിക്കാരി ഓംബുഡ്സ്മാനെ സമീപിച്ചത്. ഉടമസ്ഥാവകാശം വൈകിപ്പിച്ച 8987 ദിവസത്തേക്ക് ദിവസേന 50 രൂപ വീതം നഷ്ടപരിഹാരം നൽകാനാണ് വിധി.
കൂടാതെ, 24 വർഷക്കാലം സെക്യൂരിറ്റി തുക അക്കൗണ്ടിൽ വകയിരുത്താത്തതിന് 18 ശതമാനം പിഴപ്പലിശ നൽകാനും ഓംബുഡ്സ്മാൻ നിർദ്ദേശിച്ചു. മുൻഗണന നൽകുന്നതിനായി ഫീസ് ഈടാക്കിയിട്ടും കൃത്യസമയത്ത് സേവനം ലഭ്യമാക്കാത്തതിന് അധിക പിഴയും കെഎസ്ഇബി നൽകണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

