തിരുവനന്തപുരം: മുൻവൈരാഗ്യം തീർക്കാൻ യുവാവിനെ പിന്തുടർന്ന് ആക്രമിച്ച കേസിൽ രണ്ട് പേരെ വലിയതുറ പൊലീസ് അറസ്റ്റ് ചെയ്തു. വെട്ടുകാട് സ്വദേശികളായ ജിജിൻ റോബർട്ട് (22), ജോസ് (24) എന്നിവരാണ് പിടിയിലായത്.
രണ്ട് വർഷം മുൻപ് നടന്ന സംഭവവുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിന് വഴിവെച്ചത്.
2024-ലെ വെട്ടുകാട് പള്ളി തിരുനാൾ സമയത്ത് പ്രദേശവാസികളുമായി സംഘർഷമുണ്ടാക്കാൻ ശ്രമിച്ച പ്രതികളെ അന്ന് യുവാവ് ഇടപെട്ട് തടഞ്ഞിരുന്നു. ഇതിലുള്ള പകയാണ് വർഷങ്ങൾക്ക് ശേഷമുള്ള അക്രമത്തിന് കാരണമെന്ന് പോലീസ് വ്യക്തമാക്കി.
വ്യാഴാഴ്ച വൈകുന്നേരം 06.30 ഓടെ വെട്ടുകാട് ബീച്ച് റോഡിന് സമീപം വെച്ചാണ് സംഭവം നടന്നത്. യുവാവിനെ വഴിയിൽ തടഞ്ഞുനിർത്തി അസഭ്യം പറയുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തു.
അക്രമികളിൽ നിന്ന് രക്ഷപ്പെടാൻ യുവാവ് ഓടി വീട്ടിൽ കയറിയെങ്കിലും പ്രതികൾ വിടാതെ പിന്തുടർന്നു. വീടിന്റെ വളപ്പിൽ അതിക്രമിച്ചു കയറിയ പ്രതികൾ കയ്യിലുണ്ടായിരുന്ന വെട്ടുകത്തി വീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും യുവാവിനെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു.
തുടർന്ന് കേസെടുത്ത വലിയതുറ പോലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

