ലാവോസ് സെൻട്രൽ സൈസോംബൂൺ പ്രവിശ്യയിലെ ദുർഘടമായ ഗുഹയിൽ കുടുങ്ങിയ ഏഴ് ഗ്രാമീണരിൽ അഞ്ചുപേരെ രക്ഷാപ്രവർത്തകർ സുരക്ഷിതമായി പുറത്തെത്തിച്ചു. പത്തുദിവസത്തോളം പ്രളയജലവും ചെളിയും നിറഞ്ഞ ഇരുളടഞ്ഞ ഗുഹയ്ക്കുള്ളിൽ മരണത്തെ മുഖാമുഖം കണ്ടശേഷമാണ് ഇവർ ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്.
കാണാതായ ശേഷിക്കുന്ന രണ്ടുപേർക്കായി തെരച്ചിൽ ഇപ്പോഴും ഊർജിതമായി തുടരുകയാണെന്ന് അധികൃതർ അറിയിച്ചു. സ്വർണവും വിലപിടിപ്പുള്ള ധാതുക്കളും തേടി മേയ് 19, 20 തീയതികളിലാണ് എട്ടുപേരടങ്ങുന്ന സംഘം ഗുഹയ്ക്കുള്ളിലേക്ക് പ്രവേശിച്ചത്.
എന്നാൽ, അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയെത്തുടർന്ന് ഗുഹയ്ക്കുള്ളിലേക്ക് വെള്ളവും ചെളിയും ഇരച്ചുകയറുകയായിരുന്നു. ഇതോടെ പുറത്തേക്കുള്ള വഴി പൂർണമായും അടഞ്ഞു.
സംഘത്തിലുണ്ടായിരുന്ന ഒരാൾ മാത്രം ഭാഗ്യംകൊണ്ട് രക്ഷപ്പെടുകയും, ഇയാൾ നൽകിയ വിവരത്തെത്തുടർന്നാണ് പുറംലോകം സംഭവം അറിയുന്നത്. വീയെന്റിയാനിൽ നിന്ന് 120 കിലോമീറ്റർ വടക്കുള്ള അതീവ ദുഷ്കരമായ വനമേഖലയിലാണ് ഈ ഗുഹ സ്ഥിതി ചെയ്യുന്നത്.
നൂറുമീറ്ററോളം ആഴത്തിലുള്ള ഗുഹയിൽ ചില ഭാഗങ്ങൾക്ക് വെറും 50 സെന്റീമീറ്റർ വീതി മാത്രമാണുള്ളത്. തായ്ലാൻഡ്, ഓസ്ട്രേലിയ, ഫിൻലാൻഡ്, ഫ്രാൻസ്, ഇന്തൊനീഷ്യ, മലേഷ്യ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള മുങ്ങൽ വിദഗ്ധർ ഉൾപ്പെടെയുള്ള വൻ സംഘമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.
നാല് കിലോമീറ്ററോളം നീളുന്ന തെന്നുന്ന മലമ്പ്രദേശങ്ങളിലൂടെ സഞ്ചരിച്ചാണ് രക്ഷാപ്രവർത്തകർ ഗുഹയുടെ കവാടത്തിലെത്തിയത്. ബുധനാഴ്ചയോടെ ഗുഹയുടെ പ്രവേശനകവാടത്തിൽനിന്ന് 300 മീറ്റർ ഉള്ളിലായി ഇവരെ കണ്ടെത്താൻ സാധിച്ചു.
തുടർന്ന് മൂന്നുദിവസം നീണ്ട സാഹസിക ദൗത്യത്തിനൊടുവിൽ വെള്ളിയാഴ്ച ഒരാളെയും ശനിയാഴ്ച നാലുപേരെയും പുറത്തെത്തിക്കുകയായിരുന്നു.
2018-ൽ തായ്ലാൻഡിലെ ഗുഹയിൽ കുടുങ്ങിയ ഫുട്ബോൾ ടീമിനെ രക്ഷപ്പെടുത്തിയ ദൗത്യത്തിന് സമാനമായ സാഹചര്യമാണ് ലാവോസിലും നേരിടേണ്ടി വന്നതെന്ന് രക്ഷാപ്രവർത്തകർ ചൂണ്ടിക്കാട്ടി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

