പാലാ നിയോജകമണ്ഡലം എംഎൽഎയും രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യവുമായ മാണി സി.കാപ്പൻ എഴുപതാം വയസ്സിലേക്ക്. ഔദ്യോഗിക രേഖകൾ പ്രകാരം ഇന്ന് അദ്ദേഹത്തിന്റെ ജന്മദിനമാണ്.
സ്വാതന്ത്ര്യസമര സേനാനിയും മുൻ എംപിയും പാലാ നഗരസഭാധ്യക്ഷനുമായിരുന്ന ചെറിയാൻ ജെ.കാപ്പന്റെയും ആലപ്പുഴ മലയിൽ ത്രേസ്യാമ്മയുടെയും മകനായി 1956-ലാണ് അദ്ദേഹം ജനിച്ചത്. അദ്ദേഹത്തിന്റെ യഥാർഥ ജന്മദിനം ജൂലൈ 15 ആണെന്നത് ശ്രദ്ധേയമാണ്.
കായിക രംഗത്ത് സജീവമായിരുന്ന അദ്ദേഹം സ്കൂൾ വോളിബോൾ ടീമിൽ തുടങ്ങി സർവകലാശാല, സംസ്ഥാന തലങ്ങളിലും പിന്നീട് കെഎസ്ഇബി, ഇന്ത്യൻ ടീമുകൾക്കു വേണ്ടിയും കളിക്കളത്തിലിറങ്ങിയിട്ടുണ്ട്. അന്തരിച്ച വോളിബോൾ ഇതിഹാസം ജിമ്മി ജോർജുമായുള്ള അടുത്ത സൗഹൃദം കായിക ജീവിതത്തിലെ പ്രധാന അധ്യായമാണ്.
ഇരുവരും ചേർന്ന് അബുദാബി സ്പോർട്സ് ക്ലബ്ബിൽ കളിച്ചിട്ടുമുണ്ട്. റിയൽ എസ്റ്റേറ്റ് ബിസിനസിൽ ശ്രദ്ധ കേന്ദ്രീകരിച്ച അദ്ദേഹം പിന്നീട് ചലച്ചിത്ര നിർമ്മാണത്തിലും അഭിനയത്തിലും കൈമുദ്ര പതിപ്പിച്ചു.
മേലേപ്പറമ്പിൽ ആൺവീട് ഉൾപ്പെടെ 12 ചലച്ചിത്രങ്ങൾ നിർമ്മിക്കുകയും ഇരുപതോളം സിനിമകളിൽ വേഷമിടുകയും ചെയ്തു. രാഷ്ട്രീയത്തിലേക്ക് കടന്നുവന്നത് ശരദ് പവാറുമായുള്ള ആത്മബന്ധത്തിലൂടെയാണ്.
എൻസിപിയുടെ സംസ്ഥാന ട്രഷറർ, ഓവർസീസ് സെൽ ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചു. 2000 മുതൽ 2005 വരെ പാലാ നഗരസഭാ കൗൺസിലറായി സേവനമനുഷ്ഠിച്ചു.
2006, 2011, 2016 വർഷങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പരാജയം നേരിട്ടെങ്കിലും, കെ.എം.മാണിയുടെ നിര്യാണത്തെത്തുടർന്ന് 2019-ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച് ആദ്യമായി നിയമസഭയിലെത്തി. 2021-ലും തുടർന്നും ഈ വിജയം അദ്ദേഹം ആവർത്തിച്ചു.
ചങ്ങനാശേരി പാലത്തിങ്കൽ ആലീസ് ആണ് സഹധർമിണി. ചെറിയാൻ മാണി സി.കാപ്പൻ, ടീന, ദീപ എന്നിവരാണ് മക്കൾ.
നീതി, സന്ദീപ്, ദീപു എന്നിവർ മരുമക്കളാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

