കിഴക്കമ്പലം: വിവാഹബന്ധത്തിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട യുവതിയെ മർദിക്കുകയും, കഴുത്തു ഞെരിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം മരിച്ചെന്നു കരുതി റോഡരികിൽ ഉപേക്ഷിക്കുകയും ചെയ്ത സംഭവത്തിൽ യുവാവ് പിടിയിൽ.
കോതമംഗലം സ്വദേശിയായ നിതിൻ (31) എന്നയാളെയാണ് കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തത്. സ്വകാര്യ ബാങ്കിൽ ഉദ്യോഗസ്ഥനായ നിതിൻ തിങ്കളാഴ്ച വിവാഹിതനാകാനിരിക്കെയാണ് പൊലീസ് നടപടി.
വധശ്രമത്തിനാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. പട്ടിമറ്റം സ്വദേശിനിയായ യുവതിയും നിതിനും തമ്മിൽ നേരത്തെ അടുപ്പത്തിലായിരുന്നു.
നിതിന്റെ വിവാഹം ഉറപ്പിച്ച സാഹചര്യത്തിൽ, ബന്ധത്തിൽ നിന്ന് പിന്മാറണമെന്ന് യുവതി ആവശ്യപ്പെട്ടതാണ് പ്രകോപനത്തിന് കാരണം. ഇക്കാര്യം ഉന്നയിച്ച് കഴിഞ്ഞ ശനിയാഴ്ച രാത്രി ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും, ഇത് ക്രൂരമായ മർദനത്തിൽ കലാശിക്കുകയുമായിരുന്നു.
മർദനമേറ്റ് ബോധരഹിതയായ യുവതി മരിച്ചെന്നു തെറ്റിദ്ധരിച്ച നിതിൻ, ഇവരുടെ കൈകൾ കൂട്ടിക്കെട്ടിയ ശേഷം കോതമംഗലം ന്യൂ ബൈപാസിലെ കോഴിപ്പിള്ളി ഭാഗത്തുള്ള ആളൊഴിഞ്ഞ കുറ്റിക്കാട്ടിൽ ഉപേക്ഷിക്കുകയായിരുന്നു. എന്നാൽ, ഞായറാഴ്ച പുലർച്ചെ ബോധം വീണ്ടെടുത്ത യുവതി ഇഴഞ്ഞുനീങ്ങി കോഴിപ്പിള്ളി ജംക്ഷനിലെത്തി നാട്ടുകാരോട് വിവരം പറയുകയായിരുന്നു.
തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

