നിയമസഭയിലെ നയപ്രഖ്യാപന പ്രസംഗത്തിന് മുന്നോടിയായി വന്ദേമാതരം പൂർണരൂപത്തിൽ ആലപിക്കണമെന്ന രാജ്ഭവന്റെ നിർദ്ദേശം സംസ്ഥാന സർക്കാർ നിരാകരിച്ചു. വന്ദേമാതരം പൂർണമായി ആലപിക്കാൻ കഴിയില്ലെന്ന കർശന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്.
ഗാനം പൂർണമായി ആലപിക്കാത്തതിൽ ഗവർണർ പരസ്യമായി അതൃപ്തി രേഖപ്പെടുത്തിയെങ്കിലും, സർക്കാർ നിലപാടിനെ പ്രതിപക്ഷം പിന്തുണച്ചു. അതേസമയം, സർക്കാർ ജമാ അത്തെ ഇസ്ലാമിക്കും സിപിഐഎമ്മിനും വഴങ്ങുകയാണെന്ന് ആരോപിച്ച് ബിജെപി രംഗത്തെത്തിയിട്ടുണ്ട്.
ചരിത്രപരമായ പശ്ചാത്തലം
ബ്രിട്ടീഷ് ഭരണത്തിനെതിരായ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളുടെ പ്രതീകമായാണ് വന്ദേമാതരം മാറിയത്. ഈ ഗാനത്തെ ത്യാഗത്താൽ വിശുദ്ധീകരിക്കപ്പെട്ട
ഗാനമെന്നാണ് മഹാത്മാഗാന്ധി വിശേഷിപ്പിച്ചത്. 1870-കളിൽ ബ്രിട്ടീഷ് മേൽക്കോയ്മയെ സ്തുതിക്കണമെന്ന കൊളോണിയൽ ഭരണകൂടത്തിന്റെ നിർബന്ധിത ഉത്തരവുകൾക്കെതിരെയുള്ള പ്രതിഷേധത്തിൽ നിന്നാണ് ഇതിന്റെ പിറവി.
1875 നവംബർ ഏഴിന് ബങ്കിംചന്ദ്ര ചാറ്റർജി രചിച്ച വന്ദേമാതരം പിന്നീട് ഇന്ത്യൻ ദേശീയ വികാരത്തിന്റെ ഉണർത്തുപാട്ടായി മാറി. 1896-ലെ കൊൽക്കത്ത കോൺഗ്രസ് സമ്മേളനത്തിൽ രവീന്ദ്രനാഥ ടാഗോർ ഈ ഗാനം ആലപിക്കുകയുണ്ടായി.
സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ഭരണഘടനാ അസംബ്ലി ജനഗണമനയെ ദേശീയ ഗാനമായും വന്ദേമാതരത്തെ ദേശീയ ഗീതമായും അംഗീകരിച്ചു. വിവാദങ്ങൾക്കുള്ള കാരണം
ബങ്കിം ചന്ദ്ര ചാറ്റർജിയുടെ ‘ആനന്ദമഠം’ എന്ന നോവലിലൂടെയാണ് വന്ദേമാതരത്തിന്റെ കൂടുതൽ വരികൾ പുറത്തുവരുന്നത്.
ഇതിൽ രാജ്യത്തെ ഭൂമിശാസ്ത്രപരമായ അസ്തിത്വത്തിനപ്പുറം ദുർഗ്ഗ, ലക്ഷ്മി, സരസ്വതി എന്നീ ദേവീ സങ്കൽപങ്ങളെ നാടിന്റെ കാവലാളുകളായി ചിത്രീകരിക്കുന്നുണ്ട്. ഈ ഭാഗങ്ങൾ മതപരമായ കാഴ്ചപ്പാടുകളിൽ ഭിന്നതയുണ്ടാക്കുന്നുവെന്ന വിമർശനം അന്നുമുതലേ നിലനിന്നിരുന്നു.
ഇക്കാര്യം പരിഗണിച്ച്, എല്ലാ മതവിഭാഗങ്ങൾക്കും സ്വീകാര്യമായ ആദ്യ രണ്ട് ചരണങ്ങൾ മാത്രം ആലപിച്ചാൽ മതിയെന്ന് ടാഗോറും ഗാന്ധിജിയും നെഹ്റുവും പട്ടേലുമടങ്ങുന്ന ദേശീയ നേതാക്കൾ തീരുമാനിക്കുകയായിരുന്നു. ഈ ധാരണയുടെ അടിസ്ഥാനത്തിൽ 1948-ൽ ഭരണഘടനാ അസംബ്ലി വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ഭാഗങ്ങൾ മാത്രമാണ് ഔദ്യോഗികമായി അംഗീകരിച്ചത്.
മതേതര മൂല്യങ്ങൾ പുലർത്തുന്ന ഒരു ബഹുസ്വര സമൂഹത്തിൽ ഗാനത്തിന്റെ പൂർണരൂപം നിർബന്ധമാക്കുന്നത് രാഷ്ട്രീയ താൽപ്പര്യങ്ങളാണെന്ന വിമർശനവും ഉയരുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

