തൃശൂർ: യുവാവിനെ ബിയർ കുപ്പി കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒളിവിൽ പോയ മുഖ്യപ്രതിയടക്കം നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് കേസിലെ ഒന്നാം പ്രതിയെ പിടികൂടാനായത്.
കയ്പമംഗലം വഞ്ചിപ്പുര സ്വദേശി ശരത്ത് (31) ആണ് നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് പിടിയിലായത്. ഇയാൾക്കെതിരെ പോലീസ് നേരത്തെ ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു.
ഇവർക്ക് പുറമെ കേസിൽ ഉൾപ്പെട്ട മറ്റ് പ്രതികളായ മിഥുൻ (30), മുകേഷ് (28), ഹരി (26) എന്നിവരെയും തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടി.
മെയ് 27 വൈകുന്നേരം 5.45-ഓടെ കയ്പമംഗലം പുന്നക്കച്ചാലിൽ വെച്ചായിരുന്നു ആക്രമണം നടന്നത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന പുന്നക്കച്ചാൽ സ്വദേശി സൂരജ് (44)-നെ പ്രതികൾ തടഞ്ഞുനിർത്തുകയായിരുന്നു.
തുടർന്നുണ്ടായ തർക്കത്തിനിടെ, ബൈക്കിൽ കയറി പോകാൻ ശ്രമിച്ച സൂരജിനെ ശരത്ത് ബിയർ കുപ്പി ഉപയോഗിച്ച് തലയ്ക്കടിക്കുകയായിരുന്നു. ആക്രമണത്തിൽ സൂരജിന്റെ നെറ്റിയിൽ ഗുരുതരമായി പരിക്കേൽക്കുകയും തലയോട്ടിക്ക് പൊട്ടൽ സംഭവിക്കുകയും ചെയ്തു.
സംഭവത്തിൽ സൂരജിന്റെ സഹോദരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കയ്പമംഗലം പോലീസ് വധശ്രമത്തിന് കേസെടുക്കുകയായിരുന്നു. പ്രതി വിദേശത്തേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന രഹസ്യ വിവരത്തെത്തുടർന്ന് ജില്ലാ പോലീസ് മേധാവി അടിയന്തരമായി ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചു.
ഒമാനിലേക്ക് പോകാനായി നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ ശരത്തിനെ എമിഗ്രേഷൻ ഉദ്യോഗസ്ഥർ തടഞ്ഞുവെക്കുകയും പോലീസിനെ വിവരമറിയിക്കുകയുമായിരുന്നു. ശരത്തിനെതിരെ കയ്പമംഗലം, മതിലകം, അന്തിക്കാട് പോലീസ് സ്റ്റേഷനുകളിലായി രണ്ട് അടിപിടി കേസുകൾ ഉൾപ്പെടെ അഞ്ച് ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
കയ്പമംഗലം പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ ബിജിത്ത് കെ ടി, എഎസ്ഐ രാജേഷ്, സിപിഒമാരായ സുനിൽ, ജോസഫ്, വിപിൻ ദാസ് എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

