കൊച്ചിയിലെ എളംകുളത്ത് അത്യാധുനിക ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്റും അനുബന്ധ പൈപ്ലൈൻ ശൃംഖലയും സ്ഥാപിക്കുന്നതിനുള്ള നടപടികൾ ദ്രുതഗതിയിലാക്കി. കേന്ദ്രാവിഷ്കൃത പദ്ധതിയായ അമൃത് 2.0-ൽ ഉൾപ്പെടുത്തി 184 കോടി രൂപ ചെലവഴിച്ചാണ് ഈ സമഗ്ര പദ്ധതി നടപ്പിലാക്കുന്നത്.
മൂന്ന് വ്യത്യസ്ത പ്രോജക്ടുകളായി തിരിച്ചു നടപ്പാക്കുന്ന ഈ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ, പ്രദേശത്തെ കനാലുകളിലേക്കുള്ള മലിനജല ഒഴുക്ക് വലിയൊരു പരിധിവരെ നിയന്ത്രിക്കാൻ സാധിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. ഈ പദ്ധതിയുടെ പ്രധാന ഭാഗമായ 5 ദശലക്ഷം ലീറ്റർ പ്രതിദിന ശേഷിയുള്ള പുതിയ പ്ലാന്റ് നിർമിക്കുന്നതിനായി ഉടൻ കരാർ നൽകും.
ഇതിനായി 18 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഇതിനുപുറമെ, പനമ്പിള്ളി നഗർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ പൈപ്ലൈൻ ശൃംഖല സ്ഥാപിക്കുന്നതിന് 100 കോടി രൂപയുടെ പദ്ധതിയുടെ കരാർ നടപടികൾ ഇതിനോടകം പൂർത്തിയായിട്ടുണ്ട്.
രവിപുരം, ഗിരിനഗർ, പനമ്പിള്ളിനഗർ, കടവന്ത്ര, സൗത്ത്, ഗാന്ധിനഗർ എന്നീ ഭാഗങ്ങളെ പ്ലാന്റുമായി ബന്ധിപ്പിച്ചുകൊണ്ട് 40 കിലോമീറ്റർ നീളത്തിൽ പൈപ്ലൈൻ ശൃംഖലയാണ് ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നേരത്തേ റീബിൽഡ് കേരള പദ്ധതിയുടെ ഭാഗമായി എളംകുളം ഡിവിഷനിൽ (പഴയ ഡിവിഷൻ 54) നടപ്പിലാക്കാൻ തീരുമാനിച്ചിരുന്ന പൈപ്ലൈൻ പദ്ധതി സാമ്പത്തിക ലഭ്യതയിലെ തടസ്സങ്ങൾ കാരണം പിന്നീട് അമൃത് 2.0-ലേക്ക് മാറ്റുകയായിരുന്നു.
ഇതിനായി 35 കോടി രൂപ ചെലവ് വരുന്ന പൈപ്ലൈൻ നിർമ്മാണ പ്രവൃത്തിക്ക് ജല അതോറിറ്റി സുവിജ് ഡിവിഷൻ ടെൻഡർ ക്ഷണിച്ചിട്ടുണ്ട്. ഈ പദ്ധതിയുടെ ഭാഗമായി 17.23 കിലോമീറ്റർ ദൂരത്തിൽ പൈപ്ലൈനുകൾ സ്ഥാപിക്കുകയും എളംകുളത്തെ വീടുകളെയും കെട്ടിടങ്ങളെയും പുതിയ എസ്ടിപി (STP) പ്ലാന്റുമായി ബന്ധിപ്പിക്കുകയും ചെയ്യും.
നിലവിൽ ഈ മേഖലകളിൽ നിന്ന് ശുചിമുറി മാലിന്യങ്ങൾ കനാലുകളിലേക്ക് നേരിട്ട് ഒഴുക്കുന്ന സാഹചര്യമാണുള്ളത്, ഇത് പരിഹരിക്കുക എന്നതാണ് പ്ലാന്റ് നിർമ്മാണത്തിന്റെ പ്രധാന ലക്ഷ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

