കാടിനോട് ചേർന്ന് വസിക്കുന്ന മണിയൻകിണർ ആദിവാസി ഉന്നതിയിലെ കുട്ടികൾ പുതിയ അധ്യയന വർഷത്തെ വരവേൽക്കുന്നത് വലിയ ആശങ്കകളോടെയാണ്. ജൂൺ ഒന്നിന് സ്കൂൾ തുറക്കുമ്പോൾ, ടാർപോളിൻ ഷീറ്റുകളും സാരികളും മറയാക്കി നിർമ്മിച്ച താൽക്കാലിക ഷെഡുകളിൽ നിന്നാണ് ഇവർ പഠനത്തിനായി ഇറങ്ങിത്തിരിക്കുന്നത്.
കഴിഞ്ഞ വർഷവും ഇതേ അവസ്ഥയിൽ സ്കൂളിലേക്ക് പോയ കുട്ടികൾ, ഇത്തവണയെങ്കിലും സുരക്ഷിതമായ ഒരു വീട് സ്വപ്നം കണ്ടിരുന്നു. എന്നാൽ സർക്കാർ അനുവദിച്ച വീടുകളുടെ നിർമ്മാണം ഇപ്പോഴും പാതിവഴിയിൽ തന്നെ തുടരുന്നു.
രാത്രികാലങ്ങളിൽ കാട്ടാനകളുടെ സാമീപ്യവും ഭീഷണിയും പേടിച്ച് ഉറക്കമില്ലാത്ത രാവുകളാണ് ഈ കുടുംബങ്ങൾ തള്ളിനീക്കുന്നത്. ഓമന കൃഷ്ണൻ എന്ന വീട്ടമ്മയുടെ വാക്കുകൾ ഈ ദുരവസ്ഥ വ്യക്തമാക്കുന്നു: “കഴിഞ്ഞ മാർച്ച് 6നാണ് എന്റെ വീടിന്റെ സൺഷേഡ് വാർത്തു കഴിഞ്ഞ്, അതിന്റെ ഫോട്ടോ എടുത്ത്, പഞ്ചായത്തിൽ കൊടുത്തത്.
3 ദിവസത്തിനകം പൈസ പാസാക്കി തരാം എന്ന് അന്നു പറഞ്ഞതാണ്. ഇപ്പോൾ മാസം 3 കഴിഞ്ഞു.
മഴ വരാറായി. ഈ കൊല്ലവും ഈ ഷെഡ്ഡിൽ തന്നെ കിടക്കണം.
ആ പ്ലാവ് കണ്ടോ അതിലെ ചക്ക മുഴുവൻ തിന്നുന്നത് ആനയാണ്. രാത്രി വന്നു പ്ലാവ് കുലുക്കും.
നേരം വെളുത്താൽ വെളുത്തു.” ഓമനയുടെ കൊച്ചുമകൻ തേജസ് കല്ലിങ്ങപ്പാലം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ്.
അടിസ്ഥാന സൗകര്യങ്ങളോ ശൗചാലയമോ ഇല്ലാത്ത ഈ താൽക്കാലിക വാസസ്ഥലത്ത് കുട്ടികൾക്ക് പഠനാന്തരീക്ഷം പോലും ലഭ്യമല്ല. സമാനമായ അവസ്ഥയാണ് മറ്റ് കുടുംബങ്ങളും നേരിടുന്നത്.
20 വയസ്സുകാരനായ പ്രണവ് തന്റെ പഠനകാലത്ത് 9 കിലോമീറ്ററോളം കാട്ടുവഴിയിലൂടെ നടന്നാണ് സ്കൂളിൽ പോയിരുന്നത്. പ്രണവിന്റെ വീടും നിർമ്മാണം പൂർത്തിയാകാതെ കിടക്കുകയാണ്.
ഇതേ മേഖലയിൽ താമസിക്കുന്ന കൃഷ്ണശ്രീ എന്ന എട്ടാം ക്ലാസ് വിദ്യാർഥിനി, മഴക്കാലമായാൽ വീടിനുള്ളിൽ വെള്ളം കയറുന്ന ദുരിതത്തിലാണ് കഴിയുന്നത്. പ്ലാസ്റ്റിക് ഷീറ്റുകൾ മേൽക്കൂരയായി ഉപയോഗിച്ചാണ് കൃഷ്ണശ്രീയും കുടുംബവും താമസിക്കുന്നത്.
ഹോസ്റ്റലിൽ പോയി പഠിച്ചാൽ മാത്രമേ രാത്രിയിൽ സമാധാനമായി ഉറങ്ങാൻ കഴിയൂ എന്ന് കൃഷ്ണശ്രീ പറയുന്നു. ഊരു മൂപ്പൻ എം.എ.
കുട്ടൻ ഉൾപ്പെടെയുള്ളവരുടെ വീടുകളുടെ അവസ്ഥയും വ്യത്യസ്തമല്ല. വീട് നിർമ്മാണ കരാർ ഏറ്റെടുത്തയാൾ പണി പൂർത്തിയാക്കാതെ മുങ്ങിയതാണ് പ്രതിസന്ധിക്ക് പ്രധാന കാരണം.
ഉന്നതിയിൽ സർക്കാർ നടപ്പിലാക്കുന്ന ഭവന പദ്ധതിയിൽ ഉൾപ്പെട്ട ഏഴ് വീടുകളാണ് മാസങ്ങളായി നിർമ്മാണം പാതിവഴിയിൽ മുടങ്ങിക്കിടക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

