ആലപ്പുഴ നഗരത്തിലെ കനാലുകളിൽ വ്യാപകമായി തള്ളുന്ന അറവുമാലിന്യങ്ങൾ പെരുമ്പാമ്പുകളുടെ എണ്ണം ക്രമാതീതമായി വർധിക്കാൻ കാരണമാകുന്നു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് തുടർച്ചയായി പാമ്പുകളെ പിടികൂടുന്നത് ജനങ്ങളിൽ ആശങ്ക പരത്തിയിട്ടുണ്ട്.
ബുധനാഴ്ച രാവിലെ 10.30-ഓടെ കോടതിപ്പാലത്തിനു സമീപമുള്ള അമ്പലപ്പുഴ താലൂക്ക് ചെത്തുതൊഴിലാളി യൂണിയൻ ഓഫീസ് പരിസരത്തുനിന്നാണ് ഏറ്റവും ഒടുവിലായി പെരുമ്പാമ്പിനെ പിടികൂടിയത്. ഓഫീസിനു മുന്നിലെ വലയിൽ തല കുടുങ്ങിയ നിലയിലായിരുന്നു പാമ്പ്.
വനംവകുപ്പിന്റെ സർപ്പ പ്രതിനിധി ജിബിൻ ആണ് പാമ്പിനെ സുരക്ഷിതമായി പിടികൂടിയത്. ഇതിന് തൊട്ടുമുമ്പുള്ള ദിവസവും ഇതേ സ്ഥലത്തുനിന്ന് മറ്റൊരു പെരുമ്പാമ്പിനെ പിടികൂടിയിരുന്നു.
കഴിഞ്ഞ ജനുവരിയിൽ ശവക്കോട്ടപ്പാലത്തിനു സമീപത്തുനിന്നും അടുത്തിടെ കളർകോട് ഭാഗത്തുനിന്നും പാമ്പുകളെ പിടികൂടുകയുണ്ടായി. ഇത്തരത്തിൽ നഗരത്തിൽ വ്യാപകമായി പെരുമ്പാമ്പുകൾ പ്രത്യക്ഷപ്പെടുന്നത് ആദ്യമായാണെന്ന് നാട്ടുകാരും അധികൃതരും സാക്ഷ്യപ്പെടുത്തുന്നു.
കനാലുകളിലേക്ക് കോഴിമാലിന്യങ്ങൾ ഉൾപ്പെടെയുള്ളവ തള്ളുന്നതാണ് ഇവയുടെ വംശവർധനവിന് അനുകൂല സാഹചര്യമൊരുക്കുന്നതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. അറവുശാലകളിൽ നിന്നുള്ള മാലിന്യവും അവ കഴുകുന്ന വെള്ളവും കനാലുകളിലേക്ക് ഒഴുക്കുന്നതിനാൽ പാമ്പുകൾക്ക് ആവശ്യമായ ഭക്ഷണം സുലഭമായി ലഭിക്കുന്നു.
സാധാരണ പാമ്പുകളെ അപേക്ഷിച്ച് പെരുമ്പാമ്പുകൾ നാൽപ്പതിൽപ്പരം മുട്ടകളിട്ട് പെരുകുന്നതിനാൽ ഇവയുടെ എണ്ണം വേഗത്തിൽ വർധിക്കുന്നു. ഇരുമ്പുപാലം, ശവക്കോട്ടപ്പാലം, എ എസ് കനാൽ തുടങ്ങിയ പ്രദേശങ്ങളിലെ കാടുപിടിച്ച ഭാഗങ്ങളിൽ പെരുമ്പാമ്പുകൾ താവളമടിച്ചിട്ടുണ്ട്.
രാത്രികാലങ്ങളിൽ ഇവ റോഡുകളിലേക്ക് ഇഴഞ്ഞെത്താറുണ്ട്. പെരുമ്പാമ്പിന്റെ കടിയേറ്റാൽ കടുത്ത രക്തസ്രാവത്തിനും അണുബാധയ്ക്കും സാധ്യതയുള്ളതിനാൽ അടിയന്തര ചികിത്സ അനിവാര്യമാണെന്ന് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകുന്നു.
ഇതിനിടെ, എടത്വാ തലവടി പഞ്ചായത്തിലെ 13-ാം വാർഡിൽ തുണ്ടിയിൽ ജോർജുകുട്ടിയുടെ വീട്ടിലെ കോഴിക്കൂട്ടിൽ കയറിയ പെരുമ്പാമ്പിനെയും കഴിഞ്ഞ ദിവസം പിടികൂടി. പുലർച്ചെ കോഴികളുടെ ശബ്ദം കേട്ടു നടത്തിയ പരിശോധനയിലാണ് പാമ്പിനെ കണ്ടെത്തിയത്.
കൂട്ടിലുണ്ടായിരുന്ന മിക്ക കോഴികളെയും പാമ്പ് ഭക്ഷിച്ചിരുന്നു. സ്നേക്ക് റെസ്ക്യൂ പ്രവർത്തകൻ ചാർലി വർഗീസ് സ്ഥലത്തെത്തിയാണ് പാമ്പിനെ പിടികൂടി വനപാലകർക്ക് കൈമാറിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

