വിമാനയാത്രയ്ക്കിടെ യാത്രക്കാരോട് ലഘുഭക്ഷണം നിർബന്ധമായും വാങ്ങാൻ ആവശ്യപ്പെടുന്ന ഇൻഡിഗോ എയർലൈൻസിന്റെ നടപടി വലിയ വിമർശനങ്ങൾക്ക് വഴിവെക്കുന്നു. പാനീയങ്ങൾക്കൊപ്പം ലഘുഭക്ഷണങ്ങൾ കൂടി വാങ്ങണമെന്ന നിബന്ധന യാത്രക്കാരുടെ അവകാശങ്ങൾക്കു മേലുള്ള കടന്നുകയറ്റമാണെന്നാണ് വ്യാപകമായ പരാതി.
റിതു ജൂൺ എന്ന യാത്രക്കാരി എക്സ് പ്ലാറ്റ്ഫോമിലൂടെ പങ്കുവെച്ച അനുഭവമാണ് വിഷയം ചർച്ചയാക്കിയത്. വിമാനയാത്രയിൽ ഉറക്കം ഒഴിവാക്കാൻ സ്ഥിരമായി കാപ്പി ഓർഡർ ചെയ്യാറുള്ള താൻ, കഴിഞ്ഞ ദിവസം കാപ്പി മാത്രം ആവശ്യപ്പെട്ടപ്പോൾ എയർഹോസ്റ്റസ് ലഘുഭക്ഷണം കൂടി വാങ്ങാൻ നിർബന്ധിക്കുകയായിരുന്നുവെന്ന് അവർ വ്യക്തമാക്കുന്നു.
‘കാപ്പി മാത്രം മതിയെന്ന് പറഞ്ഞിട്ടും, ലഘുഭക്ഷണം നിർബന്ധമാണെന്ന മറുപടിയാണ് ലഭിച്ചത്’ എന്ന് റിതു ചൂണ്ടിക്കാട്ടി. ഈ വിഷയം സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായതോടെ വിശദീകരണവുമായി ഇൻഡിഗോ അധികൃതർ രംഗത്തെത്തി.
തങ്ങളുടെ സേവനങ്ങൾ പരിഷ്കരിച്ചിട്ടുണ്ടെന്നും, യാത്രക്കാർക്ക് മെച്ചപ്പെട്ട അനുഭവം നൽകുന്നതിന്റെ ഭാഗമായി പാനീയങ്ങൾ ഇപ്പോൾ ലഘുഭക്ഷണങ്ങൾക്കൊപ്പം മാത്രമാണ് നൽകുന്നതെന്നും എയർലൈൻ അധികൃതർ വ്യക്തമാക്കി.
എന്നാൽ, യാത്രക്കാരുടെ സൗകര്യാർത്ഥം കാപ്പി മാത്രം നൽകുന്ന രീതി പുനഃപരിശോധിക്കണമെന്ന് റിതു പ്രതികരിച്ചു. ലാഭം കുറഞ്ഞ കാപ്പി മാത്രം വിൽക്കാൻ താല്പര്യമില്ലാത്തതുകൊണ്ട്, കൂടുതൽ ലാഭം ലഭിക്കുന്ന സ്നാക്സുകൾ കൂടി ഉൾപ്പെടുത്തി കോംബോ ആക്കി വിൽക്കാനുള്ള തന്ത്രമാണിതെന്നാണ് പലരും ആരോപിക്കുന്നത്.
തിയേറ്ററുകളിൽ പോപ്കോൺ കോംബോ വിൽക്കുന്ന അതേ രീതിയാണ് എയർലൈൻ കമ്പനിയും പിന്തുടരുന്നതെന്ന വിമർശനവും ഉയരുന്നുണ്ട്. അതേസമയം, കഴിഞ്ഞ രണ്ടു വർഷമായി ഇൻഡിഗോ ഇത്തരം കോംബോ രീതികൾ പിന്തുടരുന്നുണ്ടെന്നും സ്ഥിരം യാത്രക്കാർക്ക് ഇതൊരു പുതിയ കാര്യമല്ലെന്നും അഭിപ്രായപ്പെടുന്നവരുമുണ്ട്.
എന്തായാലും വിമാനത്തിലെ ഇത്തരം നിർബന്ധിത വിൽപ്പന രീതികൾക്കെതിരെ കടുത്ത പ്രതിഷേധമാണ് സാമൂഹിക മാധ്യമങ്ങളിൽ നിറയുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

