തിരുവനന്തപുരം: തലസ്ഥാനത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഉൾപ്പെടെ 19 പേർ പിടിയിലായി. ലോക്കൽ സെക്രട്ടറി ബിനു ഐപി ഉൾപ്പെടെയുള്ള ആറുപേർ അന്വേഷണ സംഘത്തിന് മുൻപാകെ കീഴടങ്ങുകയായിരുന്നു.
ഒരാൾക്ക് നോട്ടീസ് നൽകി വിട്ടയച്ചപ്പോൾ ബാക്കിയുള്ളവരുടെ അറസ്റ്റ് പൊലീസ് ഔദ്യോഗികമായി രേഖപ്പെടുത്തി. ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതികളെ പിടികൂടാനുള്ള പൊലീസിന്റെ നീക്കം വലിയ തർക്കങ്ങൾക്ക് വഴിയൊരുക്കി.
പാളയത്തുള്ള സിപിഎം ഏരിയ കമ്മിറ്റി ഓഫീസിൽ പ്രതികൾ ഒളിവിലുണ്ടെന്ന വിവരത്തെത്തുടർന്ന് പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിരുന്നു. എന്നാൽ, പാർട്ടി ഓഫീസിലേക്ക് പ്രവേശിക്കാൻ പൊലീസ് സംഘത്തെ അനുവദിക്കില്ലെന്ന കടുത്ത നിലപാടാണ് സിപിഎം നേതാക്കൾ സ്വീകരിച്ചത്.
തുടർന്നുള്ള ചർച്ചകൾക്കൊടുവിൽ ഓഫീസിൽ നിന്ന് പുറത്തിറങ്ങിയ ശ്രീജിത്ത്, ജീവൻ, മനോജ്, നിതിൻരാജ്, ഷാഹിൻ എന്നിവർ പൊലീസിന് കീഴടങ്ങുകയായിരുന്നു. തുടർന്നുള്ള അന്വേഷണത്തിൽ വട്ടിയൂർക്കാവ് സ്വദേശി അശോകൻ, നരുവാമൂട് സ്വദേശി കിരൺ എന്നിവരെയും, കോട്ടയത്തെ ഒരു ലോഡ്ജിൽ ഒളിവിൽ കഴിഞ്ഞിരുന്ന അമൽ എന്ന വ്യക്തിയെയും പൊലീസ് പിടികൂടി.
പിടിയിലായവരിൽ ഭൂരിഭാഗം പേരും ഡിവൈഎഫ്ഐ ജില്ലാ-ബ്ലോക്ക് ഭാരവാഹികളാണ്. വൈകുന്നേരത്തോടെയാണ് ലോക്കൽ കമ്മിറ്റി സെക്രട്ടറിയും മുൻ കൗൺസിലറുമായ ബിനു ഐപി കീഴടങ്ങിയത്.
ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമിച്ചതിന് പുറമെ പൊലീസുകാരെ ആക്രമിച്ചതിനും ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്. കേന്ദ്ര സർക്കാർ സംഭവത്തിൽ റിപ്പോർട്ട് തേടിയ സാഹചര്യത്തിൽ, പ്രതികളെ മുഴുവൻ പിടികൂടി നിയമനടപടികൾ വേഗത്തിലാക്കാനുള്ള സമ്മർദ്ദത്തിലാണ് പൊലീസ്.
നിലവിൽ മ്യൂസിയം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന കേസ് അന്വേഷണം പ്രത്യേക സംഘത്തിന് കൈമാറാൻ സാധ്യതയുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

