വേനലവധിക്ക് വിരാമമിട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ജൂണിൽ തുറക്കാൻ ഒരുങ്ങുമ്പോൾ, ആവശ്യമായ പഠനോപകരണങ്ങൾ വാങ്ങാനുള്ള തിരക്കിലാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും. വിപണിയിൽ ഇത്തവണ പുത്തൻ ശൈലികളും ട്രെൻഡുകളും പ്രകടമാണ്.
കൊറിയൻ ബാഗുകൾക്ക് വൻ ഡിമാൻഡ്
സ്കൂൾ ബാഗുകളുടെ കാര്യത്തിൽ ഇത്തവണ വലിയൊരു മാറ്റമാണ് പ്രകടമാകുന്നത്. കുട്ടികൾക്കിടയിൽ കൊറിയൻ മോഡൽ ബാഗുകൾക്ക് ഏറെ പ്രിയമുണ്ടെന്ന് ബ്രോഡ്വേയിലെ വ്യാപാരിയായ ഷംനാസ് പറഞ്ഞു.
കോട്ടൺ തുണിത്തരങ്ങളിൽ നിർമ്മിച്ച ഈ ബാഗുകൾക്ക് ഒരു വർഷത്തെ വാറന്റി ലഭ്യമാണ്. വിപണിയിൽ 200 രൂപ മുതൽ 4000 രൂപ വരെ വിലയുള്ള ബാഗുകൾ ലഭ്യമാണ്.
ബ്രാൻഡഡ് ഉൽപന്നങ്ങൾക്ക് 800 രൂപ മുതലാണ് വില ആരംഭിക്കുന്നത്. കൗമാരക്കാരായ കുട്ടികൾ ബാഗുകളിൽ അലങ്കാരമായി തൂക്കുന്ന കീചെയിനുകൾക്കും മറ്റും വലിയ താൽപ്പര്യം കാണിക്കുന്നുണ്ട്.
ചെറിയ കുട്ടികളുടെ വിഭാഗത്തിൽ സ്പൈഡർമാൻ, ബാറ്റ്മാൻ, ബാർബി തുടങ്ങിയ കഥാപാത്രങ്ങൾ പതിച്ച ബാഗുകൾ ഇപ്പോഴും വിപണിയിൽ സജീവമാണ്. ആരോഗ്യത്തിന് മുൻഗണന
ലഞ്ച് ബോക്സുകളും വാട്ടർ ബോട്ടിലുകളും തിരഞ്ഞെടുക്കുമ്പോൾ രക്ഷിതാക്കൾ ആരോഗ്യ സുരക്ഷയ്ക്കാണ് കൂടുതൽ മുൻഗണന നൽകുന്നത്.
ഫുഡ് ഗ്രേഡ് പ്ലാസ്റ്റിക് അല്ലെങ്കിൽ സ്റ്റെയിൻലെസ് സ്റ്റീൽ ഉൽപന്നങ്ങൾക്കാണ് ആവശ്യക്കാർ ഏറെ. ഇത്തരം ലഞ്ച് ബോക്സുകൾക്ക് 300 രൂപ മുതലാണ് വില.
പെൻസിൽ ബോക്സുകൾക്ക് പകരമായി പൗച്ചുകൾ ഉപയോഗിക്കാനാണ് കുട്ടികൾക്ക് കൂടുതൽ താൽപ്പര്യമെന്ന് ബ്രോഡ്വേയിലെ സ്റ്റേഷനറി വ്യാപാരിയായ പോൾ വ്യക്തമാക്കി. കുട
വിപണിയിൽ സജീവം
മഴക്കാലം നേരത്തെ എത്തിയതോടെ കുടകളുടെ വിൽപനയിൽ വൻ വർദ്ധനവാണുണ്ടായിരിക്കുന്നത്. ‘ത്രീ-ഫോൾഡ്’ കുടകൾക്കാണ് വിപണിയിൽ ഏറ്റവും കൂടുതൽ ഡിമാൻഡ്.
കുട്ടികൾക്കായി ഹാൻഡിലിൽ എൽഇഡി ലൈറ്റുകളും വിസിലുകളും ഘടിപ്പിച്ച വ്യത്യസ്തമായ കുടകളും വിപണിയിൽ എത്തിയിട്ടുണ്ട്. ഇതിനു പുറമെ, റീസൈക്കിൾഡ് പേപ്പറുകൾ ഉപയോഗിച്ചുള്ള നോട്ടുബുക്കുകൾ ഉൾപ്പെടെ വൈവിധ്യമാർന്ന പഠനോപകരണങ്ങൾ വിപണിയിൽ ലഭ്യമാണ്.
യൂണിഫോം തയ്യൽക്കടകളിലും വസ്ത്രവിപണിയിലും ഇപ്പോൾ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

