കോഴിക്കോട് പന്തീരാങ്കാവിൽ ദേശീയ ഷൂട്ടിങ് താരം കാർത്തിക് (19) വെടിയേറ്റ് മരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. സംഭവത്തിൽ മരണകാരണം സംബന്ധിച്ച് നിലവിൽ വ്യക്തത വന്നിട്ടില്ല.
ആത്മഹത്യയാണോ അതോ തോക്ക് കൈകാര്യം ചെയ്യുന്നതിനിടെ അബദ്ധത്തിൽ വെടിയുതിർന്നതാണോ എന്നതടക്കമുള്ള വശങ്ങളാണ് പന്തീരാങ്കാവ് പൊലീസ് പ്രധാനമായും പരിശോധിക്കുന്നത്. മേയ് 26, 2026 ചൊവ്വാഴ്ച രാത്രി എട്ടു മണിയോടെയാണ് സംഭവം നടന്നത്.
വീടിന്റെ മുകൾ നിലയിലുള്ള മുറിയിൽ വെടിയേറ്റ് രക്തം വാർന്ന നിലയിൽ കാർത്തിക്കിനെ കണ്ടെത്തുകയായിരുന്നു. വെടിയൊച്ച കേട്ട് വീട്ടുകാർ ഓടിയെത്തിയപ്പോഴാണ് തലയിൽ വെടിയേറ്റ നിലയിൽ ഇദ്ദേഹത്തെ കണ്ടത്.
ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ഫോറൻസിക് വിദഗ്ധരുടെ നേതൃത്വത്തിലുള്ള സംഘം ബുധനാഴ്ച കാർത്തിക്കിന്റെ കിടപ്പുമുറിയിലും പരിസരത്തും പരിശോധന നടത്തി.
തലയ്ക്ക് തൊട്ടടുത്ത് വച്ചാണ് തോക്കിൽ നിന്ന് വെടിയുതിർന്നതെന്നാണ് പ്രാഥമിക നിഗമനം. എഡബ്ലിയുഎച്ച് കോളജിലെ ബി.ടെക് ആർടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഡാറ്റ സയൻസ് വിദ്യാർഥിയായിരുന്ന കാർത്തിക്, 2027-ലെ ദേശീയ ചാംപ്യൻഷിപ്പിനുളള തയ്യാറെടുപ്പിലായിരുന്നു.
തൊണ്ടയാട് പ്രവർത്തിക്കുന്ന കോഴിക്കോട് റൈഫിൾ ക്ലബ്ബിലായിരുന്നു പരിശീലനം. മൂന്നു തവണ ദേശീയ ഷൂട്ടിങ് ചാംപ്യൻഷിപ്പിൽ പങ്കെടുത്തിട്ടുള്ള കാർത്തിക്കിന്റെ പക്കൽ ചാംപ്യൻഷിപ്പുകൾക്ക് ഉപയോഗിക്കാറുള്ള ലൈസൻസുള്ള പീപ്പ് സെറ്റ് 0.22 റൈഫിൾ ഉണ്ടായിരുന്നു.
ഇതേ റൈഫിളിന്റെ തിരയാണ് മുറിക്കുള്ളിൽ നിന്ന് പൊലീസിന് ലഭിച്ചത്. പന്തീരാങ്കാവ് പാറക്കുളം റോഡിൽ എടക്കാട്ട് പുറത്ത് പറമ്പിൽ മണാൽ ഷിബുവിന്റെയും സന്ദീപയുടെയും ഇളയ മകനാണ് കാർത്തിക്.
ദീപക് സഹോദരനാണ്. രാവിലെ പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.
നിരവധി പേരാണ് അന്തിമോപചാരം അർപ്പിക്കാൻ വീട്ടിലെത്തിയത്.

