കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള മിനിരത്ന പൊതുമേഖല സ്ഥാപനമായ എച്ച്എൽഎൽ ലൈഫ്കെയർ ലിമിറ്റഡ് മെൻസ്ട്രൽ കപ്പുകളുടെ വാർഷിക ഉൽപാദന ശേഷി 50 ലക്ഷമായി വർധിപ്പിച്ചു. ഇതിന്റെ ഭാഗമായി തിരുവനന്തപുരം ആക്കുളത്തുള്ള നിർമാണ യൂണിറ്റ് അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് നവീകരിച്ചു.
യൂണിറ്റിന്റെ നവീകരണത്തിലൂടെ മാത്രം 30 ലക്ഷം കപ്പുകൾ അധികമായി നിർമിക്കാൻ സാധിക്കും. ഈ നേട്ടത്തോടെയാണ് കമ്പനിയുടെ മൊത്തം വാർഷിക ഉൽപാദന ശേഷി 50 ലക്ഷത്തിൽ എത്തിയിരിക്കുന്നത്.
കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി പുണ്യ സലില ശ്രീവാസ്തവ നവീകരിച്ച യൂണിറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഈ ഉൽപാദന വർധനവിലൂടെ 2026-27 സാമ്പത്തിക വർഷത്തിൽ രാജ്യവ്യാപകമായി കൂടുതൽ മെൻസ്ട്രൽ കപ്പുകൾ ലഭ്യമാക്കാൻ എച്ച്എൽഎല്ലിന് സാധിക്കും.
എച്ച്എൽഎല്ലിന്റെ സിഎസ്ആർ പദ്ധതിയായ ‘തിങ്കൾ’ വഴിയാണ് ഇവ സൗജന്യമായി വിതരണം ചെയ്യുന്നത്. എച്ച്എൽഎൽ മാനേജ്മെന്റ് അക്കാദമി (എച്ച്എംഎ) ആണ് പദ്ധതിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
“സ്ത്രീകൾക്ക് ആർത്തവ ആരോഗ്യവും സാമ്പത്തിക ലാഭവും ഉറപ്പാക്കാനും, സാനിറ്ററി നാപ്കിനുകൾ മൂലമുണ്ടാകുന്ന പരിസ്ഥിതി മലിനീകരണത്തിന് ശാശ്വത പരിഹാരം കാണാനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്” എന്ന് എച്ച്എംഎ പബ്ലിക് ഹെൽത്ത് പ്രോജക്ട്സ് മാനേജർ ഡോ. എസ്.എച്ച്.കൃഷ്ണ വ്യക്തമാക്കി.
കേരളം, തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര, ഗുജറാത്ത്, ഹരിയാന, ഹിമാചൽ പ്രദേശ്, ജാർഖണ്ഡ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലും ലക്ഷദ്വീപ്, ആൻഡമാൻ നിക്കോബാർ എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ഇതിനകം 15 ലക്ഷം കപ്പുകൾ വിതരണം ചെയ്തിട്ടുണ്ട്. ഇതിൽ ഭൂരിഭാഗവും കേരളത്തിലാണ് നൽകിയതെന്നും, ഈ വർഷവും കേരളത്തിന് വിതരണത്തിൽ മുൻഗണന നൽകുമെന്നും ഡോ.
കൃഷ്ണ കൂട്ടിച്ചേർത്തു. സർക്കാർ സംവിധാനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി പുരോഗമിക്കുന്നത്.
സൗജന്യ വിതരണത്തിനായുള്ള ‘തിങ്കൾ’ കപ്പുകൾക്ക് പുറമേ, ‘വെൽവെറ്റ്’ (Velvet), ‘കൂൾ കപ്പ്’ (Cool Cup) എന്നീ ബ്രാൻഡുകളിൽ എച്ച്എൽഎൽ ആർത്തവ കപ്പുകൾ വിപണിയിൽ എത്തിക്കുന്നുണ്ട്. കൂടാതെ ‘ഹാപ്പി ഡെയ്സ്’, ‘ഫ്രീഡെയ്സ്’, ‘സഖി’ എന്നീ ബ്രാൻഡുകളിലും സാനിറ്ററി നാപ്കിനുകൾ നിർമിക്കുന്നു.
ഇതിൽ ‘ഹാപ്പി ഡേയ്സ്’ ബയോ ഡീഗ്രേഡബിൾ നാപ്കിനാണ്. കുടുംബാസൂത്രണ രംഗത്ത് മൂഡ്സ്, ഉസ്താദ്, നിരോധ്, ടി-കെയർ, എം-കെയർ, സഹേലി പ്ലസ് തുടങ്ങിയ ഉൽപന്നങ്ങളും എച്ച്എൽഎൽ ലഭ്യമാക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

