എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥർക്ക് നേരെ കേരളത്തിൽ നടന്ന ആക്രമണ സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സർക്കാരിനോട് വിശദമായ റിപ്പോർട്ട് തേടാനൊരുങ്ങുന്നു. കൃത്യനിർവഹണത്തിനിടെയുണ്ടായ സുരക്ഷാ വീഴ്ച ഗൗരവകരമാണെന്ന് വിലയിരുത്തുന്ന മന്ത്രാലയം, ഇതുസംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവിയോടും വിശദീകരണം ആവശ്യപ്പെട്ടേക്കും.
തിരുവനന്തപുരത്ത് നടന്ന സംഭവത്തിൽ, ഉദ്യോഗസ്ഥരുടെ വാഹനങ്ങൾക്ക് നേരെയും ആക്രമണമുണ്ടായി. ഔദ്യോഗിക കൃത്യനിർവഹണത്തിനിടെയുണ്ടായ അക്രമത്തിൽ ഡ്രൈവർക്ക് പരുക്കേറ്റതും, വാഹനങ്ങളുടെ ചില്ലുകൾ തകർത്തതും സുരക്ഷാ സംവിധാനങ്ങളിലെ വൻ വീഴ്ചയായിട്ടാണ് കേന്ദ്രം നോക്കിക്കാണുന്നത്.
പശ്ചിമ ബംഗാളിൽ സമാനമായ സാഹചര്യമുണ്ടായപ്പോൾ കേന്ദ്രം സ്വീകരിച്ച കർശന നടപടികൾ ഇവിടെയും ആവർത്തിക്കുമെന്ന സൂചനയാണുള്ളത്. സംഭവത്തിൽ ഇഡി ഡയറക്ടർ രാഹുൽ നവീൻ, കേരളത്തിന്റെയും തമിഴ്നാടിന്റെയും ചുമതലയുള്ള അഡീഷണൽ ഡയറക്ടറോട് അടിയന്തരമായി റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇഡി ഉദ്യോഗസ്ഥരും കേന്ദ്രസേനയും നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനം. തിരുവനന്തപുരത്ത് വെച്ച് ഉദ്യോഗസ്ഥരുടെ വാഹനം തടയുകയും പ്രവർത്തകർ അക്രമാസക്തരാവുകയുമായിരുന്നു.
സംഭവത്തിൽ ഒരു വനിതാ ഉദ്യോഗസ്ഥയടക്കം നാല് ഇഡി ഉദ്യോഗസ്ഥരും എട്ട് സിആർപിഎഫ് അംഗങ്ങളും ഉൾപ്പെട്ടിരുന്നു. ആക്രമണത്തിൽ പരുക്കേറ്റ ടാക്സി ഡ്രൈവർ, ശ്രീകാര്യം സ്വദേശി ശ്യാം ചികിത്സയിലാണ്.
ആക്രമണത്തിൽ തകർന്ന വാഹനം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. പ്രതികൾ പാർട്ടി ഓഫീസിലുണ്ടെന്നും അവരെ അറസ്റ്റ് ചെയ്യണമെന്നുമാണ് നിലവിൽ പൊലീസ് സ്വീകരിച്ചിരിക്കുന്ന നിലപാട്.
നിയമപരമായ ഔദ്യോഗിക കൃത്യനിർവഹണ വേളയിൽ ഉദ്യോഗസ്ഥർക്ക് നേരെ ഉണ്ടായ ഈ കയ്യേറ്റം അതീവ ഗൗരവത്തോടെയാണ് കേന്ദ്ര ഏജൻസികൾ വിലയിരുത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് ഇഡി ഉദ്യോഗസ്ഥർ ഔദ്യോഗികമായി പരാതി നൽകുമെന്നും സൂചനയുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

