ബെംഗളൂരു നഗരത്തിൽ എബോള വൈറസ് ബാധ സംശയിച്ച് നിരീക്ഷണത്തിലായിരുന്ന ഉഗാണ്ടൻ സ്വദേശിനിയുടെ പരിശോധനാഫലം നെഗറ്റീവ്. രോഗലക്ഷണങ്ങളായ കടുത്ത ശരീരവേദനയെത്തുടർന്ന് നഗരത്തിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന 28 വയസ്സുകാരിയുടെ സാംപിൾ പരിശോധനാ റിപ്പോർട്ടാണ് പുറത്തുവന്നത്.
കർണാടക ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവു ആണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. കിഴക്കൻ ആഫ്രിക്കൻ രാജ്യമായ ഉഗാണ്ടയിൽ നിന്ന് ആദ്യം അഹമ്മദാബാദിലെത്തിയ യുവതി, പിന്നീട് ബെംഗളൂരുവിലേക്ക് യാത്ര ചെയ്യുകയായിരുന്നു.
ചൊവ്വാഴ്ചയോടെ ശരീരവേദന ഉൾപ്പെടെയുള്ള ലക്ഷണങ്ങൾ അനുഭവപ്പെട്ടതിനെത്തുടർന്ന് ഇവരെ താമസസ്ഥലത്തുനിന്നും സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് വിദഗ്ധ പരിശോധനയ്ക്കായി രക്തസാംപിളുകൾ പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയക്കുകയായിരുന്നു.
ഇവിടെ നടത്തിയ പരിശോധനയിലാണ് രോഗബാധയില്ലെന്ന് വ്യക്തമായത്. അതേസമയം, ആരോഗ്യ സുരക്ഷാ പ്രോട്ടോക്കോളുകളുടെ ഭാഗമായി 48 മണിക്കൂറിന് ശേഷം വീണ്ടും സാംപിൾ പരിശോധന നടത്തുമെന്ന് അധികൃതർ വ്യക്തമാക്കി.
നിലവിൽ യുവതിയിൽ മറ്റ് അസ്വാഭാവിക ലക്ഷണങ്ങളൊന്നും പ്രകടമല്ലെന്ന് ബെംഗളൂരു ജില്ലാ സർജനും മെഡിക്കൽ സൂപ്രണ്ടുമായ അനിൽ കുമാർ ബനഗർ അറിയിച്ചു. തുടർനടപടികൾ മേലുദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾക്കനുസൃതമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പൊതുജനാരോഗ്യം മുൻനിർത്തി കർശനമായ ജാഗ്രത തുടരുന്നുണ്ടെന്നും ദിനേശ് ഗുണ്ടു റാവു പറഞ്ഞു.
ആരോഗ്യവകുപ്പ് സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. പൊതുജനങ്ങൾ പരിഭ്രാന്തരാകാതെ ആരോഗ്യവകുപ്പ് നൽകുന്ന നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.
ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് ലഭ്യമാകുന്ന വിവരങ്ങളെ മാത്രം വിശ്വസിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

