കണ്ണൂരിലെ പിണറായിയിലുള്ള വസതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തിയ പരിശോധന പൂർത്തിയായി. കള്ളപ്പണ നിരോധന നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ‘പ്രവിക്’ എന്ന വസതിയിൽ അന്വേഷണ സംഘം പരിശോധന നടത്തിയത്.
കൊച്ചി സോണൽ ഓഫിസ് ഡപ്യൂട്ടി ഡയറക്ടർ എസ്. സിമി പുറപ്പെടുവിച്ച സെർച്ച് വാറണ്ട് പ്രകാരമായിരുന്നു നടപടികൾ.
മേയ് 27, 2026 ബുധനാഴ്ച രാവിലെ 7:50-ഓടെയാണ് കോഴിക്കോട് സബ് സോണൽ ഓഫിസ് അസിസ്റ്റന്റ് ഡയറക്ടർ പ്രശാന്ത് സൗഭരിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തിയത്. രണ്ട് വനിതകൾ ഉൾപ്പെടെ ആറ് സിആർപിഎഫ് സുരക്ഷാ ഉദ്യോഗസ്ഥരും സംഘത്തിലുണ്ടായിരുന്നു.
സിപിഎം പിണറായി ലോക്കൽ സെക്രട്ടറി സി. നന്ദനന്റെ സാന്നിധ്യത്തിൽ വീടിന്റെ കെയർ ടേക്കർ നാണു വീട് തുറന്നുനൽകിയതിനെത്തുടർന്ന് രാവിലെ എട്ടരയോടെ പരിശോധന ആരംഭിച്ചു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കോഴിക്കോട് ശാഖയിലെ ബ്രാഞ്ച് മാനേജർ സി. ഷീബ, അസിസ്റ്റന്റ് മാനേജർ അഭിഷേക് നിംബാദ്കർ എന്നിവർ പരിശോധനയ്ക്ക് സാക്ഷികളായി എത്തിയിരുന്നു.
മണിക്കൂറുകൾ നീണ്ട പരിശോധനയിൽ സംശയാസ്പദമായ രേഖകളോ ഡിജിറ്റൽ ഉപകരണങ്ങളോ കണ്ടെത്താനോ പിടിച്ചെടുക്കാനോ സാധിച്ചിട്ടില്ലെന്ന് ഇ.ഡി വ്യക്തമാക്കി.
പരിശോധനയ്ക്കിടെ കെയർ ടേക്കർ നാണുവിന്റെ മൊഴിയും സംഘം രേഖപ്പെടുത്തി. വസ്തുവകകൾക്ക് യാതൊരു കേടുപാടും സംഭവിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥർ രേഖാമൂലം അറിയിച്ചു.
അതേസമയം, റെയ്ഡിനെത്തുടർന്ന് വസതിക്കു മുന്നിൽ പ്രവർത്തകർ തടിച്ചുകൂടിയത് ഉദ്യോഗസ്ഥർക്ക് പുറത്തിറങ്ങാൻ തടസ്സമുണ്ടാക്കി. സിറ്റി പൊലീസ് കമ്മിഷണർ പി.
നിധിൻ രാജ് ഉൾപ്പെടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്, വി.
ശിവദാസൻ എംപി എന്നിവരുമായി ചർച്ച നടത്തിയാണ് ഉദ്യോഗസ്ഥർക്ക് തിരിച്ചുപോകാനുള്ള സാഹചര്യം ഒരുക്കിയത്. ഉദ്യോഗസ്ഥർ മടങ്ങുമ്പോൾ പ്രവർത്തകർ കൂവിവിളിച്ച് പ്രതിഷേധം രേഖപ്പെടുത്തി.
തുടർന്ന് കെ.കെ. ശൈലജ, പി.
ജയരാജൻ, എം.വി. ജയരാജൻ, ഇ.പി.
ജയരാജൻ, കെ.കെ. രാഗേഷ്, വി.
ശിവദാസൻ എംപി എന്നിവരുടെ നേതൃത്വത്തിൽ പ്രദേശത്ത് പ്രതിഷേധ പ്രകടനവും നടന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

