വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് പൂർണ്ണ അംഗീകാരം നൽകിക്കൊണ്ട് സുപ്രീംകോടതി ചരിത്രപ്രധാനമായ വിധി പുറപ്പെടുവിച്ചു. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പാക്കുന്നതിന് വോട്ടർപട്ടിക കാലാനുസൃതമായി പരിഷ്കരിക്കേണ്ടത് അനിവാര്യമാണെന്ന് ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു.
ഭരണഘടനാപരമായ ഉത്തരവാദിത്തം നിറവേറ്റാൻ തെരഞ്ഞെടുപ്പ് കമ്മീഷന് ഇതിന് പൂർണ്ണ അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി. എസ്ഐആർ (SIR) നടപടികളുടെ നിയമസാധുത ചോദ്യം ചെയ്തുകൊണ്ട് സമർപ്പിക്കപ്പെട്ട
ഹർജികൾ തള്ളിക്കൊണ്ടാണ് കോടതി ഈ നിർണ്ണായക ഉത്തരവ് പുറപ്പെടുവിച്ചത്. എസ്ഐആർ നടപടി ഭരണഘടനയ്ക്ക് ജീവൻ നൽകുന്ന ഒന്നാണ്.
കൃത്യവും സമഗ്രവുമായ വോട്ടർ പട്ടിക തയാറാക്കുന്നതിലേക്കുള്ള പ്രധാന ചുവടുവെപ്പാണ്. ഇക്കാര്യം നടപ്പാക്കുന്നത് നിയമങ്ങളോ ഭരണഘടനാ വ്യവസ്ഥകളോ ലംഘിക്കുന്നില്ല.
ജനപ്രാതിനിധ്യ നിയമത്തിലെ 21(3) വകുപ്പ് പ്രകാരമുള്ള ചട്ടങ്ങൾ പാലിച്ചാണ് കമ്മീഷൻ പ്രവർത്തിച്ചത്. വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യുന്നത് ഒരു വ്യക്തിയുടെ പൗരത്വം നഷ്ടപ്പെടുന്നതിന് തുല്യമല്ലെന്ന് കോടതി പ്രത്യേകമായി എടുത്തുപറഞ്ഞു.
പൗരത്വത്തെക്കുറിച്ച് അന്വേഷണം നടത്താൻ കമ്മീഷന് അധികാരമുണ്ടെങ്കിലും, പൗരത്വത്തിന്റെ അന്തിമ തീരുമാനം എടുക്കാൻ കമ്മീഷന് കഴിയില്ല. വോട്ടർ പട്ടികയിൽ നിന്ന് പേര് ഒഴിവാക്കപ്പെട്ടവർ തങ്ങൾ ഇന്ത്യൻ പൗരന്മാരാണെന്ന് തെളിയിച്ചാൽ, അവരുടെ പേരുകൾ പട്ടികയിൽ പുനഃസ്ഥാപിക്കപ്പെടും.
എസ്ഐആർ എന്നത് പിൻവാതിലിലൂടെയുള്ള പൗരത്വ പരിശോധനയാണെന്നാരോപിച്ച് ഹർജിക്കാരും പ്രതിപക്ഷവും ഉയർത്തിയ വാദങ്ങൾ കോടതി തള്ളി. നിലവിൽ ബീഹാർ, കേരളം, തമിഴ്നാട്, പുതുച്ചേരി, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ ഈ നടപടികൾ പൂർത്തിയായിട്ടുണ്ട്.
കൂടാതെ ഉത്തർപ്രദേശ്, ഗുജറാത്ത്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ നടപടികൾ പുരോഗമിക്കുകയാണെന്നും കോടതി അറിയിച്ചു. ആധാർ ഉൾപ്പെടെയുള്ള തിരിച്ചറിയൽ രേഖകൾ പരിഗണിക്കണമെന്നും പരാതി പരിഹാരത്തിനായി കമ്മീഷൻ നൽകുന്ന അവസരങ്ങൾ കൃത്യമായി ഉപയോഗിക്കണമെന്നും കോടതി നിർദ്ദേശിച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികൾക്ക് ലഭിച്ച ഈ നിയമപരമായ അംഗീകാരം വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ഏറെ നിർണ്ണായകമാകും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

