ധരംശാലയിൽ നടന്ന ഐപിഎൽ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനോട് ഗുജറാത്ത് ടൈറ്റൻസ് പരാജയപ്പെട്ടതിന് പിന്നാലെ, മാധ്യമങ്ങളോട് രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് ഗ്ലെൻ ഫിലിപ്സ്. മത്സരത്തിലെ പ്ലെയിങ് ഇലവനില്‍ ഇടംപിടിക്കാത്ത താരം വാര്‍ത്താസമ്മേളനത്തില്‍ എത്തിയത് കൗതുകമുണര്‍ത്തിയിരുന്നു.
ഇതിനിടെ ഒരു റിപ്പോര്‍ട്ടര്‍ ഉന്നയിച്ച ചോദ്യമാണ് താരത്തെ ചൊടിപ്പിച്ചത്. ആര്‍സിബി ഉയര്‍ത്തിയ 254 റണ്‍സ് എന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടരുമ്പോള് ഗുജറാത്ത് ടൈറ്റന്‍സ് മാനസികമായി തോല്‍വി സമ്മതിച്ചിരുന്നോ എന്ന ചോദ്യത്തോടാണ് അദ്ദേഹം രോഷത്തോടെ പ്രതികരിച്ചത്.
”ഈ ചോദ്യം വിഡ്ഢിത്തമാണ്, തികച്ചും മോശം ചോദ്യം. നമ്മള് തോല്‍വി സമ്മതിക്കാന്‍ പോവുകയാണ് എന്ന് ചിന്തിച്ച് ആരും കളിക്കളത്തിലേക്ക് ഇറങ്ങാറില്ല.
പ്രൊഫഷണല്‍ ക്രിക്കറ്റ് കളിക്കാരെന്ന നിലയില്‍ ഞങ്ങള്‍ എന്തിനാണ് അങ്ങനെ ചെയ്യുന്നത്? ഞങ്ങള്‍ കളത്തില്‍ ഇറങ്ങി ഞങ്ങളുടെ പരമാവധി ശ്രമിച്ചു. നിര്‍ഭാഗ്യവശാല്‍ 250 റണ്‍സ് പിന്തുടരുമ്പോള് എല്ലാം അനുകൂലമായി വരണമെന്നില്ല.
കാര്യങ്ങള്‍ അനുകൂലമാക്കാനാണ് ഞങ്ങള്‍ ശ്രമിച്ചത്, എന്നാല്‍ അത് നടന്നില്ല.” എന്നാണ് ഗ്ലെൻ ഫിലിപ്സ് ഇതിന് മറുപടിയായി പറഞ്ഞത്. മത്സരത്തില്‍ 254 റണ്‍സ് പിന്തുടര്‍ന്ന ഗുജറാത്ത് ടൈറ്റന്‍സ് 162 റണ്‍സിന് ഓള് ഔട്ടാവുകയും 92 റണ്‍സിന്റെ വലിയ പരാജയം ഏറ്റുവാങ്ങുകയും ചെയ്തു.
ശുഭ്മാന്‍ ഗില്‍, സായ് സുദര്ശന്, ജോസ് ബട്ലര് എന്നിവരടങ്ങിയ ടീമിന്റെ മുന്‍നിര തകര്‍ന്നത് സമ്മര്‍ദ്ദം മൂലമാണെന്ന് ഫിലിപ്സ് സമ്മതിച്ചു. മത്സരത്തില്‍ കളിക്കാതിരുന്നിട്ടും മാധ്യമങ്ങളെ അഭിമുഖീകരിക്കുന്നതില്‍ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ എന്ന ചോദ്യത്തിന്, ടീമിന്റെ ഭാഗമെന്ന നിലയിൽ തനിക്ക് യാതൊരു അസ്വാഭാവികതയും തോന്നുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
”ഒരു കുഴപ്പവുമില്ല, ഇതെല്ലാം ടീമിന്റെ ഭാഗമാണ്. ഞങ്ങള്‍ എല്ലാവരും ഒരൊറ്റ ടീമാണ്, എല്ലാവര്ക്കും ഒരേപോലെ മാധ്യമ ചുമതലകളുമുണ്ട്.
മത്സരത്തില്‍ കളിക്കാതിരുന്ന ഒരാളുടെ വീക്ഷണം ചിലപ്പോള്‍ ടീമിന് ഗുണം ചെയ്യും. പ്രത്യേകിച്ച് ഇനി എലിമിനേറ്റര്‍ മത്സരം കളിക്കാന്‍ പോകുന്ന സഹതാരങ്ങള്‍ക്ക് ഇത് ആശ്വാസമാകും.
അടുത്ത മത്സരത്തിനായി സ്വയം സജ്ജരാകുക എന്നത് മാത്രമാണ് ഇപ്പോള്‍ പ്രധാനം,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

