പത്തനാപുരം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം കെ.ബി.ഗണേഷ് കുമാറിനാണെന്ന വിലയിരുത്തലുമായി സിപിഎം കുന്നിക്കോട് ഏരിയ കമ്മിറ്റി യോഗം. അദ്ദേഹത്തിന്റെ പ്രസംഗങ്ങളും മാധ്യമങ്ങളോടുള്ള സമീപനങ്ങളും തിരിച്ചടിയായെന്ന് യോഗത്തിൽ വിമർശനം ഉയർന്നു.
ജനകീയ വിഷയങ്ങളിൽ ഇടപെടുന്നതിൽ മന്ത്രിയുടെ ഓഫീസ് പരാജയപ്പെട്ടുവെന്നും പാർട്ടി നേതാക്കളോട് പോലും പുച്ഛത്തോടെയാണ് പെരുമാറിയതെന്നും അംഗങ്ങൾ ആരോപിച്ചു. എൻഎസ്എസ് വിഷയത്തിൽ സാഹചര്യം വഷളാക്കിയതും തദ്ദേശ തിരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണക്കാരനായതും കെ.ബി.ഗണേഷ് കുമാർ തന്നെയാണെന്ന് യോഗം ചൂണ്ടിക്കാട്ടി.
സംസ്ഥാന നേതൃത്വത്തിനെതിരെയും കടുത്ത വിമർശനങ്ങളാണ് യോഗത്തിൽ ഉയർന്നത്. പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് പിണറായി വിജയൻ മാറി നിൽക്കണമെന്ന ആവശ്യം അംഗങ്ങൾ ഉന്നയിച്ചു.
തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിക്ക് കാരണം അദ്ദേഹത്തിന്റെ ധാർഷ്ട്യമാണെന്ന് യോഗം വിലയിരുത്തി. ഭരണകാലയളവിൽ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഉന്നത ഉദ്യോഗസ്ഥരുടെ തീരുമാനങ്ങൾ നടപ്പിലാക്കുന്ന ഒരു പിആർ ഏജൻസിയെപ്പോലെ പ്രവർത്തിച്ചുവെന്നും വിമർശനമുയർന്നു.
ചർച്ചയിൽ പങ്കെടുത്ത 17 പേരും സംസ്ഥാന നേതൃത്വത്തിൽ അടിയന്തര മാറ്റം വേണമെന്ന് ആവശ്യപ്പെട്ടു. വി.എസ്.അച്യുതാനന്ദനും ഇ.കെ.നായനാരും ഒരുമിച്ചു ജയിച്ച കാലത്തെ മാതൃക പിന്തുടർന്ന് പിണറായി വിജയൻ മാറിനിൽക്കണമെന്നാണ് നിർദേശം.
പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെതിരെയും യോഗത്തിൽ രൂക്ഷവിമർശനമുണ്ടായി. ജനങ്ങളുടെ അഭിപ്രായം കേൾക്കാൻ തയ്യാറാകാത്ത സെക്രട്ടറിയാണ് പാർട്ടിക്കുള്ളതെന്നും, രണ്ടാം നിര നേതൃത്വത്തെ വാർത്തെടുക്കുന്നതിൽ നേതൃത്വം പരാജയപ്പെട്ടുവെന്നും അംഗങ്ങൾ കുറ്റപ്പെടുത്തി.
ജി.സുധാകരനെതിരെ നടത്തിയ പരാമർശങ്ങൾ ഒരു കമ്യൂണിസ്റ്റ് പ്രവർത്തകനും ചേർന്നതല്ലെന്നും യോഗത്തിൽ പരാമർശമുണ്ടായി. സംസ്ഥാന സെക്രട്ടേറിയറ്റംഗം ആനാവൂർ നാഗപ്പന്റെ സാന്നിധ്യത്തിലായിരുന്നു യോഗം നടന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

