അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിലുണ്ടായ വർധനവിനെ തുടർന്ന് രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ വീണ്ടും വർധനവുണ്ടാകുമെന്ന് സൂചന. എണ്ണക്കമ്പനികൾക്കുണ്ടായ നഷ്ടം നികത്തുന്നതിനായി ലീറ്ററിന് 2 രൂപയുടെ വർധനവ് വരുത്താനാണ് സാധ്യതയുള്ളത്.
കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ എട്ടു രൂപയോളം വർധിപ്പിച്ച സാഹചര്യത്തിലാണ് ഇന്ധനവില വീണ്ടും കുതിച്ചുയരുന്നത്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന സാഹചര്യത്തിൽ 75 ദിവസത്തോളം ഇന്ധനവിലയിൽ മാറ്റം വരുത്തിയിരുന്നില്ല.
തിരഞ്ഞെടുപ്പ് പ്രക്രിയകൾ പൂർത്തിയായതിന് പിന്നാലെയാണ് വില വർധനവ് ആരംഭിച്ചത്. 2022 ഏപ്രിലിൽ റഷ്യ-യുക്രെയ്ൻ സംഘർഷത്തെ തുടർന്ന് ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നപ്പോൾ 16 ദിവസം കൊണ്ട് പെട്രോളിനും ഡീസലിനും 10 രൂപ വീതം വർധിപ്പിച്ച ചരിത്രം മുൻപിലുണ്ട്.
രാജ്യത്ത് ഇന്ധനക്ഷാമം ഇല്ലെന്ന് സർക്കാർ ആവർത്തിക്കുന്നുണ്ടെങ്കിലും, ഡീലർമാർക്കുള്ള വിതരണത്തിൽ ഒരു മാസമായി കർശന നിയന്ത്രണം തുടരുകയാണ്. ആവശ്യമായ സ്റ്റോക്കിന്റെ പകുതി മാത്രമാണ് നിലവിൽ പമ്പുകളിൽ ലഭ്യമാക്കുന്നത്.
പശ്ചിമേഷ്യയിലെ സംഘർഷാന്തരീക്ഷം കണക്കിലെടുത്ത് വിതരണക്കാരായ പമ്പുകൾക്ക് കമ്പനികൾ നൽകിപ്പോന്ന ക്രെഡിറ്റ് സൗകര്യങ്ങളും നേരത്തെ റദ്ദാക്കിയിരുന്നു. യുദ്ധത്തിന് മുൻപ് 60 മുതൽ 70 ഡോളർ വരെയായിരുന്ന ക്രൂഡ് ഓയിൽ വില മാർച്ച് മാസത്തോടെ 100 ഡോളറിന് മുകളിലേക്ക് കുതിച്ചുയർന്നതാണ് കമ്പനികളെ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ പ്രേരിപ്പിച്ചത്.
ഇതിനു പുറമെ രൂപയുടെ വിനിമയ മൂല്യത്തിലുണ്ടായ ഇടിവ് ഇറക്കുമതിച്ചെലവിനെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഇന്ധന വിലയിലുണ്ടാകുന്ന ഈ വർധനവ് രാജ്യത്ത് രൂക്ഷമായ വിലക്കയറ്റത്തിന് വഴിവെക്കുമെന്ന ആശങ്കയിലാണ് ജനങ്ങൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

