മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ അടിപ്പാതകളും മേൽപാതകളും ഉൾപ്പെടെയുള്ള നിർമാണങ്ങൾ പൂർത്തിയായിട്ടും അപകടങ്ങൾ വിട്ടുമാറുന്നില്ല. സുരക്ഷിതയാത്ര ലക്ഷ്യമിട്ട് നിർമിച്ച പാതയിൽ തുടർച്ചയായി ജീവൻ നഷ്ടപ്പെടുന്നത് വലിയ ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്.
ഏറ്റവും ഒടുവിലായി മുടിക്കോട് മേൽപാതയിലുണ്ടായ അപകടത്തിൽ പട്ടിക്കാട് സ്വദേശിയായ അശ്വിൻ (23) ആണ് മരണപ്പെട്ടത്. ഞായർ (24) പുലർച്ചെ 2.30-ഓടെയായിരുന്നു സംഭവം.
മണ്ണുത്തിയിൽ നിന്ന് പട്ടിക്കാട്ടേക്കുള്ള യാത്രയ്ക്കിടെ ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചു മറിയുകയായിരുന്നു. അപകടത്തിൽ പരുക്കേറ്റ തെക്കുംപാടം സ്വദേശി അനന്തു (21) ചികിത്സയിലാണ്.
തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് പുലർച്ചെ നാലരയോടെ അശ്വിന്റെ മരണം സ്ഥിരീകരിച്ചു. കഴിഞ്ഞ മാസം 30-ന് ഇതേ സ്ഥലത്ത് കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചിരുന്നു.
നിർമാണ കാലയളവ് മുതൽ തുടരുന്ന അപകടങ്ങൾ
ദേശീയപാത നിർമാണത്തിനായി 2009-ൽ കരാർ ഒപ്പുവെച്ചതിന് ശേഷം 29 കിലോമീറ്റർ ദൂരത്തിനുള്ളിൽ ഏകദേശം നാനൂറോളം പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ മാത്രം പാണഞ്ചേരി പഞ്ചായത്ത് പരിധിയിലെ പാതയിൽ 9 പേരാണ് മരണപ്പെട്ടത്.
* കഴിഞ്ഞ മാസം 16-ന് പട്ടിക്കാട് മേൽപാതയിൽ ബൈക്ക് ഡിവൈഡറിലിടിച്ച് പാലക്കാട് കല്ലേക്കാട് സ്വദേശി സുരേഷ് (45) മരണപ്പെട്ടു.
* വഴുക്കുംപാറ മേൽപാതയിൽ ബൈക്ക് അപകടത്തിൽ ഗുരുവായൂർ സ്വദേശി ആദർശ് (21) മരിച്ചു.
* നിർമാണത്തിനിടെയുണ്ടായ മറ്റൊരു ബൈക്ക് അപകടത്തിൽ മാടക്കത്തറ സ്വദേശി ജോസഫ് മരണപ്പെട്ടത് കഴിഞ്ഞ മാസം 28-നാണ്.
* ചുവന്നമണ്ണിൽ ലോറിക്കു പിന്നിലിടിച്ച് ഇരുമ്പുപാലം സ്വദേശി ലിൻസൻ ജോസഫ് (45) മരിച്ചു.
* ഈ മാസം 17-ന് ചുവന്നമണ്ണിൽ കാർ നീർപാലത്തിന്റെ തൂണിലിടിച്ച് പെരിഞ്ഞനം സ്വദേശി വിലാസിനി (78), ചൊവ്വൂർ സ്വദേശിനി വിലാസിനി (76) എന്നിവരും മരണപ്പെട്ടു. സുരക്ഷാ വീഴ്ചകൾ
പാതയുടെ പല ഭാഗങ്ങളിലും ആവശ്യത്തിന് വഴിവിളക്കുകൾ സ്ഥാപിച്ചിട്ടില്ല.
പ്രത്യേകിച്ച് വഴുക്കുംപാറ മേൽപാതയിൽ ഇപ്പോഴും വെളിച്ചമില്ലാത്തത് അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. സൂചനാ ബോർഡുകളുടെ അപര്യാപ്തതയും അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
അമിതവേഗതയിൽ എത്തുന്ന വാഹനങ്ങൾ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിക്കുന്ന സംഭവങ്ങൾ പെരുകുന്നതും വലിയ ഭീഷണിയാകുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

