സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലവുമായി ബന്ധപ്പെട്ട് ഉയർന്നിരിക്കുന്ന വ്യാപകമായ പരാതികൾക്കിടയിൽ, വിഷയത്തിൽ ഇടപെടലുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം രംഗത്ത്. പരീക്ഷാഫല പോർട്ടലിൽ അനുഭവപ്പെടുന്ന സാങ്കേതിക തകരാറുകൾ പരിഹരിക്കുന്നതിനായി മദ്രാസ്, കാൻപുർ ഐഐടികളിലെ വിദഗ്ധരെ നിയോഗിക്കുമെന്ന് അധികൃതർ അറിയിച്ചു.
എന്നാൽ, മൂല്യനിർണയത്തിലെ അപാകതകൾ പരിഹരിക്കുന്നതിൽ കാര്യക്ഷമമായ നടപടികൾ ഉണ്ടായിട്ടില്ലെന്നാരോപിച്ച് വിദ്യാർഥികൾ പ്രതിഷേധം തുടരുകയാണ്. ഉത്തരക്കടലാസിന്റെ പകർപ്പിനായി അപേക്ഷ സമർപ്പിക്കാനുള്ള സമയം ഇന്ന് അർധരാത്രി വരെ നീട്ടിയിട്ടുണ്ട്.
മെയ് 26 മുതൽ 29 വരെയാണ് പുനർമൂല്യനിർണയത്തിനായി അപേക്ഷ സമർപ്പിക്കേണ്ടത്. പ്രധാനപ്പെട്ട
സാങ്കേതിക പിഴവുകൾ
സിബിഎസ്ഇ ഇത്തവണ ആദ്യമായി നടപ്പാക്കിയ ഓൺ സ്ക്രീൻ മാർക്കിങ് (ഒഎസ്എം) രീതിക്കെതിരെയാണ് പ്രധാനമായും വിമർശനം ഉയരുന്നത്. സ്കാൻ ചെയ്ത ഉത്തരക്കടലാസുകൾ അവ്യക്തമാണെന്നും, ശരിയായ ഉത്തരങ്ങൾ എഴുതിയിട്ടും പൂജ്യം മാർക്ക് ലഭിച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും വിദ്യാർഥികൾ ചൂണ്ടിക്കാട്ടുന്നു.
പകർപ്പിനായി ഫീ അടയ്ക്കാൻ ശ്രമിച്ച വിദ്യാർഥികൾക്ക് വെബ്സൈറ്റിൽ തെറ്റായ തുക രേഖപ്പെടുത്തിയതും ആശയക്കുഴപ്പത്തിന് വഴിവെച്ചു. 8,000 രൂപ മുതൽ 69,420 രൂപ വരെ അമിത തുക കാണിക്കുന്ന സ്ക്രീൻഷോട്ടുകൾ വിദ്യാർഥികൾ പുറത്തുവിട്ടിട്ടുണ്ട്.
മന്ത്രിയുടെ ഇടപെടൽ
വെബ്സൈറ്റിലെ സാങ്കേതിക തകരാറുകളെക്കുറിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ റിപ്പോർട്ട് തേടിയിട്ടുണ്ട്. അപേക്ഷിച്ച എല്ലാവർക്കും ഉത്തരക്കടലാസുകൾ ലഭ്യമാക്കുമെന്നും, അധിക തുക ഈടാക്കിയവർക്ക് അത് തിരികെ നൽകുമെന്നും അധികൃതർ അറിയിച്ചു.
അതേസമയം, പ്ലസ്ടു ഫലം റദ്ദാക്കി പഴയ രീതിയിൽ വീണ്ടും മൂല്യനിർണയം നടത്തണമെന്ന ആവശ്യമാണ് വിദ്യാർഥികൾ മുന്നോട്ടുവെക്കുന്നത്. ഗൾഫ് രാജ്യങ്ങളിലെ പരീക്ഷാഫലത്തിലും സമാനമായ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന് വിദ്യാർഥികൾ ആരോപിക്കുന്നു.
പരീക്ഷാഫലത്തിലെ അപാകതകൾ സംബന്ധിച്ച് കേന്ദ്രസർക്കാരിനെ അറിയിച്ചതായി മന്ത്രി എൻ. ഷംസുദ്ദീൻ വ്യക്തമാക്കി.
അശ്രദ്ധമായ മൂല്യനിർണയം കാരണം വിദ്യാർഥികൾക്ക് അർഹമായ മാർക്ക് നഷ്ടപ്പെട്ടുവെന്നും, പിഴവുകൾ അടിയന്തരമായി തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

