കോതമംഗലം മേഖലയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. വനവിഭവങ്ങൾ ശേഖരിക്കുന്നതിനിടെയാണ് സംഭവം.
പൊങ്ങിൻചുവട് വനമേഖലയിൽ വെച്ച് കാട്ടാനയുടെ ആക്രമണത്തിനിരയായത് ആദിവാസി വിഭാഗത്തിൽപ്പെട്ട പുഷ്പാകരൻ ആണ്.
ഇന്ന് വൈകീട്ട് 3.30-ന് ശേഷമാണ് ദാരുണമായ ഈ സംഭവം അരങ്ങേറിയത്. ഭൂതത്താൻകെട്ടിന് സമീപമുള്ള വനമേഖലയിൽ വെച്ചായിരുന്നു ആക്രമണം.
ഇടമലയാർ അണക്കെട്ടിന് സമീപത്തുള്ള ആദിവാസി ഊരിൽ നിന്ന് വനവിഭവങ്ങൾ ശേഖരിക്കാൻ കാട്ടിലേക്ക് പോയതായിരുന്നു പുഷ്പാകരൻ. ആന ഇദ്ദേഹത്തെ തുമ്പിക്കൈ കൊണ്ട് ചുഴറ്റി എറിയുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
ഗുരുതരമായി പരിക്കേറ്റ പുഷ്പാകരനെ കൂടെയുണ്ടായിരുന്നവർ ഉടൻ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും, വഴിമധ്യേ മരണപ്പെടുകയായിരുന്നു. നിലവിൽ മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ആക്രമണത്തിൽ ഇദ്ദേഹത്തിന്റെ കൈകാലുകൾ ഒടിഞ്ഞ നിലയിലാണെന്ന് ദൃക്സാക്ഷികൾ വ്യക്തമാക്കി. വനവിഭവങ്ങൾ ശേഖരിക്കുന്നതും അണക്കെട്ടിൽ നിന്നും മീൻപിടിച്ച് വിൽക്കുന്നതുമാണ് ഈ മേഖലയിലുള്ളവരുടെ പ്രധാന ഉപജീവന മാർഗം.
ഇവർ പതിവായി പോകാറുള്ള ഉൾക്കാടുകളിൽ കാട്ടാനകളുടെ സാന്നിധ്യം നേരത്തെ തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നതായാണ് വിവരം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

