തന്റെ മണ്ഡലമായ പറവൂരില്‍ സംഘടിപ്പിച്ച സ്വീകരണ ചടങ്ങില്‍ മുഖ്യമന്ത്രി വി ഡി സതീശന് പങ്കെടുത്തു. ചടങ്ങില്‍ മുഖ്യാതിഥിയായി എത്തിയ മലയാളത്തിന്റെ പ്രിയനടന് മോഹന്‍ലാല്‍, മുഖ്യമന്ത്രിയുടെ പ്രവര്‍ത്തന ശൈലിയെയും വ്യക്തിത്വത്തെയും പ്രശംസിച്ചു.
വി ഡി സതീശന് സത്യസന്ധതയും സുതാര്യതയും പുലര്‍ത്തുന്ന വ്യക്തിയാണെന്നും, ഏത് വെല്ലുവിളികളെയും നേരിടാന്‍ ഈ ഗുണങ്ങള്‍ അദ്ദേഹത്തെ സഹായിക്കുമെന്നും മോഹന്‍ലാല്‍ അഭിപ്രായപ്പെട്ടു. “മുഖ്യമന്ത്രി വി ഡി സതീശനില്‍ കേരളം വലിയ പ്രതീക്ഷയര്‍പ്പിക്കുന്നുവെന്നും നിരവധി സാധ്യതകള്‍ അദ്ദേഹത്തിന് മുന്നിലുണ്ടെന്നും” അദ്ദേഹം വ്യക്തമാക്കി.
ഭൂമിയിലെ മനോഹരമായ ഈ നാടിന്റെ ഭരണസാരഥ്യം ഏറ്റെടുത്ത വി ഡി സതീശന് ഭാഗ്യവാനാണെന്ന് മോഹന്‍ലാല്‍ വിശേഷിപ്പിച്ചു. സംസ്ഥാനത്തെ വര്‍ധിച്ചുവരുന്ന റോഡപകടങ്ങള്‍, യുവാക്കള്‍ക്കും കുട്ടികള്‍ക്കും ഇടയിലുള്ള ലഹരി ഉപയോഗം എന്നീ വിഷയങ്ങളില്‍ അതീവ ഗൗരവത്തോടെ ഇടപെടണമെന്ന് അദ്ദേഹം മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.
കേരളത്തിന് ഈ ഭരണാധികാരിയെ വേണമെന്ന് ജനം ആഗ്രഹിച്ചതിന്റെ കാരണം അദ്ദേഹത്തിന്റെ സത്യസന്ധതയാണെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. കേരളത്തിന്റെ കല, സംസ്കാരം, വിഭവങ്ങള്‍ തുടങ്ങിയ അമൂല്യ സമ്പത്തുകള്‍ ശരിയായ രീതിയില്‍ വിനിയോഗിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
അതേസമയം, ചടങ്ങില്‍ സംസാരിച്ച പ്രശസ്ത ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പി മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെ പരോക്ഷമായി വിമര്‍ശിച്ചു. “ജനങ്ങളുടെ വോട്ട് വാങ്ങി അധികാരത്തിലെത്തിയാല്‍ രാജാവായി എന്ന് ധരിക്കരുതെന്നും ചിലര്‍ കേരളത്തിലെ രാജാവെന്നും ജനങ്ങള്‍ പ്രജകളെന്നും കരുതിയെന്നും” അദ്ദേഹം വിമര്‍ശിച്ചു.
എന്നാല്‍ വി ഡി സതീശന് അത്തരത്തിലൊരാളല്ലെന്നും അദ്ദേഹം ജനങ്ങളോട് ചേര്‍ന്നുനില്‍ക്കുന്ന ഭരണാധികാരിയാണെന്നും ശ്രീകുമാരന്‍ തമ്പി അഭിപ്രായപ്പെട്ടു. ചടങ്ങില്‍ നടന് സലിം കുമാര്‍ ഉള്‍പ്പെടെയുള്ള പ്രമുഖരും സംബന്ധിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

