സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഭൂതത്താൻക്കെട്ട് ബാരേജിന്റെ ഷട്ടറുകൾ തുറക്കാൻ അധികൃതർ തീരുമാനിച്ചു. ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ പെരിയാറിന്റെ തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി.
കാലാവസ്ഥാ വ്യതിയാനത്തെത്തുടർന്ന് എറണാകുളം ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനുപുറമെ, സംസ്ഥാനത്തെ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.
നിലവിൽ തിരുവനന്തപുരം, കൊല്ലം, പാലക്കാട്, വയനാട് ഒഴികെയുള്ള പത്ത് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പാണ് നിലവിലുള്ളത്. വരും ദിവസങ്ങളിലും മഴയുടെ തീവ്രത തുടരുമെന്നാണ് നിഗമനം.
നാളെ ഒമ്പത് ജില്ലകളിൽ വിവിധ തലത്തിലുള്ള മഴ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. ബംഗാൾ ഉൾക്കടലിലും തെക്കൻ അറബിക്കടലിലും നിലനിൽക്കുന്ന ചക്രവാതചുഴിയാണ് സംസ്ഥാനത്ത് മഴ ശക്തമാകാൻ കാരണമെന്ന് കാലാവസ്ഥാ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
ഈ മാസം ഇരുപത്തിയെട്ടാം തീയതി വരെ മഴ തുടരുമെന്നാണ് പ്രവചനം. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി നദീതീരങ്ങളിൽ താമസിക്കുന്നവരും മലയോര മേഖലയിലുള്ളവരും ജാഗ്രത പാലിക്കണമെന്നും അത്യാവശ്യ ഘട്ടങ്ങളിൽ മാറിത്താമസിക്കാൻ തയ്യാറാകണമെന്നും അധികൃതർ നിർദ്ദേശിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

