ബലിപെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി ഒമാനിലെ കേന്ദ്ര വിപണികളിൽ കാർഷിക ഉൽപ്പന്നങ്ങളുടെ ലഭ്യതയും വിലസ്ഥിരതയും ഉറപ്പുവരുത്താൻ കർശന നടപടികളുമായി കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയം രംഗത്ത്. ഉപഭോക്താക്കളുടെ വർധിച്ചുവരുന്ന ആവശ്യങ്ങൾ നിറവേറ്റാൻ വിപണികൾ പൂർണസജ്ജമാണെന്ന് അധികൃതർ അറിയിച്ചു.
ഇലവർഗങ്ങൾ, വിവിധതരം പച്ചക്കറികൾ, കിഴങ്ങുവർഗങ്ങൾ, പഴവർഗങ്ങൾ എന്നിവ വിപണിയിൽ ആവശ്യത്തിന് ലഭ്യമാണെന്നും തടസ്സമില്ലാത്ത വിതരണം ഉറപ്പുവരുത്താൻ മന്ത്രാലയം നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും ഔദ്യോഗിക വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. പ്രാദേശിക വിപണികളിലേക്ക് ഉൽപ്പന്നങ്ങളുടെ ഒഴുക്ക് സുഗമമായി തുടരുന്നത് വിപണിയുടെ സ്ഥിരതയ്ക്ക് ഏറെ സഹായകമാണ്.
കഴിഞ്ഞ മെയ് 1 മുതൽ 20 വരെയുള്ള കണക്കുകൾ പ്രകാരം, സലാൽ കേന്ദ്ര വിപണിയിലേക്ക് മാത്രം 20,000 ടണ്ണിലധികം പഴങ്ങളും പച്ചക്കറികളും എത്തിച്ചേർന്നിട്ടുണ്ട്. പെരുന്നാൾ കാലയളവിൽ വിപണിയിലെ ലഭ്യതയിൽ ഒരുവിധത്തിലുള്ള കുറവും ഉണ്ടാകില്ലെന്നും അധികൃതർ ഉറപ്പുനൽകുന്നു.
ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ ലഭ്യതയും വിലയും കൃത്യമായി നിരീക്ഷിക്കുന്നതിനായി കേന്ദ്ര വിപണികളിൽ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ഫീൽഡ് പരിശോധനകളും കർശന നിരീക്ഷണവും തുടരുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

