അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങളിൽ സമൂലമായ മാറ്റങ്ങൾ കൊണ്ടുവരാൻ തയ്യാറെടുക്കുകയാണ് രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി). ക്രിക്കറ്റ് നിയമങ്ങളിൽ ഉൾപ്പെടെ വിവിധ തലങ്ങളിൽ നിർണായകമായ പരിഷ്കാരങ്ങൾ വരുത്താനാണ് ക്രിക്കറ്റ് ഭരണസമിതി ആലോചിക്കുന്നത്.
ഇത് സംബന്ധിച്ചുള്ള പ്രാരംഭ ചർച്ചകൾക്കായി മെയ് 30-ന് ഐസിസി ബോർഡ് യോഗം ചേരും. പ്രധാന നിർദേശങ്ങളിൽ പ്രധാനം ടെസ്റ്റ് ക്രിക്കറ്റുമായി ബന്ധപ്പെട്ടതാണ്.
മത്സരത്തിനിടെ വെളിച്ചക്കുറവ് അനുഭവപ്പെടുകയാണെങ്കിൽ, ഇരു ടീമുകളുടെയും സമ്മതത്തോടെ ചുവപ്പ് പന്തിന് പകരം പിങ്ക് പന്ത് ഉപയോഗിക്കാൻ അനുവദിക്കുന്ന നിയമം പരിഗണനയിലുണ്ട്. ഇതിനുപുറമെ, നിലവിൽ പകരക്കാർക്ക് മാത്രമുള്ള മൈതാനത്തേക്കുള്ള പ്രവേശനാനുമതി ഡ്രിങ്ക്സ് ബ്രേക്കുകളിൽ മുഖ്യ പരിശീലകർക്കും നൽകുന്നതിനെക്കുറിച്ച് ബോർഡ് ചർച്ച ചെയ്യും.
ടി20 അന്താരാഷ്ട്ര മത്സരങ്ങളിലെ ഇന്നിംഗ്സുകൾക്കിടയിലുള്ള ഇടവേളയുടെ സമയം 20 മിനിറ്റിൽ നിന്ന് 15 മിനിറ്റായി കുറയ്ക്കുന്നതും പരിഗണനയിലുണ്ട്. കൂടാതെ, ബൗളർമാരുടെ ബൗളിംഗ് ആക്ഷനിൽ സംശയം തോന്നിയാൽ അത് പരിശോധിക്കാനുള്ള അധികാരം അംപയർമാർക്ക് കൂടുതൽ വ്യക്തതയോടെ നൽകാനും നീക്കമുണ്ട്.
മെയ് മാസത്തിൽ നടക്കുന്ന ബോർഡ് യോഗത്തിൽ ഈ നിർദേശങ്ങളെക്കുറിച്ചുള്ള പ്രാഥമിക ചർച്ചകൾ മാത്രമായിരിക്കും നടക്കുക. ഈ മാറ്റങ്ങൾ ഔദ്യോഗികമായി നടപ്പിലാക്കുകയാണെങ്കിൽ ഒക്ടോബർ 1 മുതൽ പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരാനാണ് സാധ്യതയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

