ഐപിഎൽ മുംബൈ ഇന്ത്യൻസ് പേസർ ജസ്പ്രിത് ബുംറയുടെ ഈ സീസണിലെ മങ്ങിയ പ്രകടനത്തിന് പിന്നിലെ പ്രധാന കാരണങ്ങൾ വ്യക്തമാക്കി ടീം മുഖ്യ പരിശീലകൻ മഹേല ജയവർധനെ. നിലവിലെ ചാമ്പ്യൻഷിപ്പിൽ പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയരാൻ ബുംറയ്ക്ക് കഴിഞ്ഞിരുന്നില്ല.
പങ്കെടുത്ത 13 മത്സരങ്ങളിൽ നിന്ന് വെറും നാല് വിക്കറ്റുകൾ മാത്രമാണ് താരത്തിന് സ്വന്തമാക്കാനായത്. ബുംറയുടെ ഫോമില്ലായ്മ അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിന് വലിയ തിരിച്ചടിയായി.
ടീം ഇതിനകം തന്നെ ടൂർണമെന്റിൽ നിന്ന് പുറത്താവുകയും ചെയ്തു. രാജസ്ഥാൻ റോയൽസുമായുള്ള അവസാന മത്സരത്തിലൂടെ സീസൺ അവസാനിപ്പിക്കാനൊരുങ്ങുകയാണ് ടീം.
ടി20 ലോകകപ്പിനിടെയുണ്ടായ പരിക്കിന്റെ അവശതകളുമായാണ് താരം ഐപിഎല്ലിലേക്ക് എത്തിയതെന്ന് മഹേല ജയവർധനെ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ: ”ലോകകപ്പ് കഴിഞ്ഞ് മടങ്ങിയെത്തിയപ്പോൾ അദ്ദേഹത്തിന് ചെറിയൊരു പരിക്കുണ്ടായിരുന്നു.
ആ പരിക്കോടെയാണ് അദ്ദേഹം ടൂർണമെന്റിലുടനീളം കളിച്ചത്. അതിനാൽ തിരിച്ചെത്തിയ ശേഷം ഞങ്ങൾ അദ്ദേഹത്തിന് ആവശ്യത്തിന് വിശ്രമം നൽകി.
ആദ്യത്തെ നാലോ അഞ്ചോ മത്സരങ്ങൾ അദ്ദേഹത്തിന് പൂർണ്ണമായി സുഖം പ്രാപിക്കാനുള്ള ഒരു ഘട്ടമായിരുന്നു. അതുകൊണ്ടാണ് തുടക്കത്തിൽ അദ്ദേഹത്തിന്റെ പന്തുകളുടെ വേഗത അല്പം കുറവായിരുന്നത്.” താരത്തിന്റെ ഇപ്പോഴത്തെ ശാരീരികക്ഷമതയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
”ഇപ്പോൾ അദ്ദേഹം തന്റെ പൂർണ്ണ വേഗതയിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. കഴിഞ്ഞ നാലോ അഞ്ചോ മത്സരങ്ങളിൽ അദ്ദേഹം മികച്ച രീതിയിലാണ് പന്തെറിഞ്ഞത്.
എന്നാൽ ഇത്തരം ഒരു സാഹചര്യത്തിലൂടെ കടന്നുപോകുമ്പോൾ, പരിക്കിനെക്കൂടി കൈകാര്യം ചെയ്യേണ്ടി വരുന്നതിനാൽ പന്തെറിയുന്നതിലെ ആ കൃത്യതയിൽ നേരിയ കുറവുണ്ടാകാം. ആരോഗ്യപരമായി അദ്ദേഹം ഇപ്പോൾ 100 ശതമാനം ഫിറ്റാണ്.
നിർഭാഗ്യവശാൽ ഞങ്ങൾക്ക് ഈ സീസൺ അവസാനിച്ചു. ചില സാഹചര്യങ്ങളിൽ ടീമുകൾ അദ്ദേഹത്തിനെതിരെ വലിയ റിസ്ക് എടുക്കാൻ തയ്യാറായിട്ടില്ല.
അദ്ദേഹത്തിന് ചുറ്റും മറ്റ് ബൗളർമാരെക്കൊണ്ട് ആവശ്യത്തിന് സമ്മർദ്ദം സൃഷ്ടിക്കാൻ നമുക്ക് കഴിഞ്ഞില്ല.” വിക്കറ്റുകൾ കുറവാണെങ്കിലും മുംബൈ നിരയിൽ മികച്ച ഇക്കോണമി റേറ്റ് (8.36) ഇപ്പോഴും ബുംറയ്ക്കാണ്. എതിരാളികൾ ബുംറയ്ക്കെതിരെ ആക്രമണത്തിന് മുതിരാത്തതും, മറുവശത്ത് മറ്റ് ബൗളർമാർക്ക് സമ്മർദ്ദം ചെലുത്താൻ കഴിയാത്തതും അദ്ദേഹത്തിന്റെ വിക്കറ്റ് നേട്ടത്തെ ബാധിച്ചതായി പരിശീലകൻ നിരീക്ഷിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

