എറണാകുളം കിഴക്കമ്പലം പാര്യത്തുകാവ് മലയിടംതുരുത്തിലെ ഏഴ് ദലിത് കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
ജസ്റ്റിസ് ടി.ആർ.രവി അധ്യക്ഷനായ ബെഞ്ചാണ് ഹർജിയിൽ വാദം കേൾക്കുന്നത്. ഈ ഭൂമിയുടെ അവകാശവുമായി ബന്ധപ്പെട്ട് കണ്ണാട്ട് വീട്ടിൽ സുഭദ്ര, അംബിക എന്നിവർ നൽകിയ ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
പെരുമ്പാവൂർ മുൻസിഫ് കോടതിയുടെ ഉത്തരവ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇവർ ഹൈക്കോടതിയെ സമീപിച്ചത്. കഴിഞ്ഞ മാർച്ച് 19-ന് ഹർജി പരിഗണിച്ച ഹൈക്കോടതി, മുൻസിഫ് കോടതിയുടെ വിധി നടപ്പിലാക്കാൻ നിർദ്ദേശം നൽകിയിരുന്നു.
തുടർന്ന് കുടിയൊഴിപ്പിക്കൽ നടപടികൾക്കായി അധികൃതർ എത്തിയെങ്കിലും വൻ പ്രതിഷേധത്തെ തുടർന്ന് അത് സംഘർഷത്തിൽ കലാശിച്ചു. ഈ സാഹചര്യത്തിൽ സർക്കാർ ഇടപെടുകയും പ്രശ്നം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തു.
1984-ൽ ആരംഭിച്ച നിയമനടപടികൾക്ക് ഒടുവിൽ 2023 ഫെബ്രുവരിയിൽ സുപ്രീം കോടതിയിൽ നിന്നും അനുകൂല വിധി ലഭിച്ചിരുന്നുവെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടുന്നു. “1984ൽ ആരംഭിച്ച്, സുപ്രീം കോടതി വരെ ശരിവച്ച ഒരു കോടതി വിധി, വെറുമൊരു ‘വിലയില്ലാത്ത കടലാസ് കഷ്ണം’ ആയി മാറാൻ അനുവദിക്കില്ലെന്നും വ്യവഹാരികൾക്ക് നീതിയുടെ ഫലം ലഭിക്കണമെന്നും” നിരീക്ഷിച്ചുകൊണ്ടായിരുന്നു മാർച്ച് 19-ലെ ഹൈക്കോടതി ഉത്തരവ്.
അതേസമയം, പ്രശ്നപരിഹാരം ലക്ഷ്യമാക്കി മന്ത്രി റോജി എം.ജോണിന്റെ നേതൃത്വത്തിൽ പ്രദേശവാസികളുമായി ചർച്ചകൾ നടന്നു. കോടതിയിൽ നിന്നും അനുകൂലമായ നടപടി ഉണ്ടായില്ലെങ്കിൽ കുടിയൊഴിപ്പിക്കപ്പെടുന്ന കുടുംബങ്ങൾക്ക് സർക്കാർ പുനരധിവാസം ഉറപ്പാക്കുമെന്ന് മന്ത്രി വ്യക്തമാക്കുകയുണ്ടായി.
നിലവിൽ വിഷയം സർക്കാരിന്റെ കൂടി ഇടപെടലോടെ തിങ്കളാഴ്ച കോടതിയുടെ പരിഗണനയിലേക്ക് മാറിയിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

