തൃശൂർ: നഗരത്തിൽ കൊറിയർ മുഖേന എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവും വിൽപന നടത്തിവന്ന രണ്ടുപേരെ പൊലീസ് പിടികൂടി. ജിം ഉടമയും ഫിറ്റ്നസ് ട്രെയിനറുമായ വിഷ്ണു, അസം സ്വദേശിയായ പ്രജ്വൽ എന്നിവരാണ് അറസ്റ്റിലായത്.
വാട്സ്ആപ്പ് വഴി ആവശ്യക്കാരിൽ നിന്നും ഓർഡറുകൾ സ്വീകരിച്ച ശേഷം കൊറിയർ മാർഗ്ഗം ലഹരിവസ്തുക്കൾ അയച്ചുനൽകുന്നതായിരുന്നു ഇവരുടെ രീതി. തൃശൂർ നഗരമധ്യത്തിൽ പ്രവർത്തിക്കുന്ന ‘പ്രോട്ടീൻ മോൾ’ എന്ന സ്ഥാപനത്തിന്റെ ഉടമയാണ് പിടിയിലായ വിഷ്ണു.
പടിഞ്ഞാറെക്കോട്ടയിലുള്ള ഈ സ്ഥാപനത്തിലേക്ക് ലഹരിതേടി വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ എത്തിയിരുന്നതായി പൊലീസ് കണ്ടെത്തി. കൊറിയർ വഴിയുള്ള വിൽപനയ്ക്കുപുറമേയായിരുന്നു ഇത്.
ആവശ്യക്കാർ നൽകുന്ന മേൽവിലാസങ്ങളിലേക്ക് ഹൈബ്രിഡ് കഞ്ചാവും എംഡിഎംഎയും ഉൾപ്പെടെയുള്ള മാരക ലഹരിവസ്തുക്കൾ എത്തിച്ചു നൽകിയിരുന്നു. കേരളത്തിലെ വിവിധ ജില്ലകളിലെ ഹോസ്റ്റലുകൾ കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും ഇയാൾ ലഹരിവസ്തുക്കൾ അയച്ചിരുന്നത്.
‘വെസ്റ്റേൺ ടെക്സ്റ്റൈൽസ്’ എന്ന പേരിൽ തുണികൾ ആണെന്ന് തെറ്റിധരിപ്പിച്ചാണ് ലഹരികടത്ത് നടത്തിയിരുന്നത്. കിഴക്കേക്കോട്ടയിലെ ഒരു കൊറിയർ സ്ഥാപനം വഴി അരക്കിലോ ഹൈബ്രിഡ് കഞ്ചാവും അഞ്ച് എംഡിഎംഎ ഗുളികകളും തമ്പാനൂരിലെ ഒരു ഹോസ്റ്റലിലേക്ക് അയക്കാൻ ശ്രമിക്കുന്നതിനിടയാണ് വിഷ്ണുവും കൂട്ടാളിയായ പ്രജ്വലും പൊലീസിന്റെ പിടിയിലാകുന്നത്.
പ്രതിയായ വിഷ്ണു ഇതിനു മുൻപും നാല് തവണ ലഹരികേസുകളിൽ അറസ്റ്റിലായിട്ടുണ്ട്. സ്ഥിരമായി ലഹരിമരുന്ന് കേസുകളിൽ ഉൾപ്പെടുന്നവർക്കെതിരെ ചുമത്തുന്ന പിറ്റ് ആക്ട് (PIT-NDPS Act) ഇയാൾക്കെതിരെ ചുമത്താനുള്ള തീവ്രശ്രമത്തിലാണ് പൊലീസ് ഇപ്പോൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

