ദേശീയപാത വികസന പ്രവർത്തനങ്ങൾ പൂർത്തിയായതോടെ ചേമഞ്ചേരി റെയിൽവേ സ്റ്റേഷനിലേക്കുള്ള പ്രധാന പാത അടച്ചുപൂട്ടിയത് യാത്രക്കാർക്ക് കടുത്ത ദുരിതമായി മാറുന്നു. സ്റ്റേഷനിലേക്ക് എത്തുന്നതിനായി തിരക്കേറിയ ദേശീയപാത മുറിച്ചുകടക്കുകയല്ലാതെ മറ്റ് മാർഗങ്ങളില്ലാത്ത അവസ്ഥയിലാണ് യാത്രക്കാർ.
കുട്ടികളും വയോധികരുമടക്കം നൂറുകണക്കിന് ആളുകളാണ് ദിനംപ്രതി അതിവേഗത്തിൽ വാഹനങ്ങൾ പാഞ്ഞുപോകുന്ന ദേശീയപാതയിൽ അപകടസാധ്യത വകവെക്കാതെ സഞ്ചരിക്കുന്നത്. റെയിൽവേ സ്റ്റേഷൻ പരിസരം കാടുപിടിച്ചു കിടക്കുന്നതിനാൽ പാമ്പുകൾ ഉൾപ്പെടെയുള്ള ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമാണ്.
വാഹനങ്ങൾ പാർക്ക് ചെയ്യാൻ സൗകര്യമില്ലാത്തതിനാൽ യാത്രക്കാർ ദേശീയപാതയോരത്ത് തന്നെ വാഹനം ഉപേക്ഷിക്കേണ്ട അവസ്ഥയുണ്ട്.
തിരുവങ്ങൂരിൽ നിന്നും റെയിൽവേ സ്റ്റേഷനിലേക്കുള്ള സർവീസ് റോഡ് നിർമ്മാണം പാതിവഴിയിൽ നിലച്ചതും ജനങ്ങളുടെ ബുദ്ധിമുട്ട് വർദ്ധിപ്പിക്കുന്നു. പാത മുറിച്ചുകടന്നാൽ പോലും സ്റ്റേഷനിലെത്താൻ കെട്ടിക്കിടക്കുന്ന വെള്ളക്കെട്ട് കൂടി പിന്നിടണം.
ഒരു യാത്രയ്ക്കായി രണ്ട് തവണ ജീവൻ പണയം വെക്കേണ്ടി വരുന്ന സാഹചര്യമാണിവിടെയുള്ളത്. സ്റ്റേഷന് മുന്നിൽ വേഗനിയന്ത്രണ സംവിധാനങ്ങളോ മുന്നറിയിപ്പ് ബോർഡുകളോ സ്ഥാപിച്ചിട്ടില്ല.
യാത്രാ സൗകര്യങ്ങളുടെ അപര്യാപ്തത കാരണം സ്റ്റേഷനെ ആശ്രയിക്കുന്നവരുടെ എണ്ണത്തിൽ വൻ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. യാത്രക്കാർ കുറയുന്നത് ഭാവിയിൽ സ്റ്റേഷൻ തന്നെ നിർത്തലാക്കാൻ കാരണമാകുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്.
പ്രദേശവാസികളുടെ ഏറെ നാളത്തെ ആവശ്യമായിരുന്ന മേൽപാലം നിർമ്മാണം അധികൃതർ ഉറപ്പുനൽകിയെങ്കിലും തുടർനടപടികൾ ഒന്നുമായിട്ടില്ല. പ്രദേശവാസിയുടെ വാക്കുകളിൽ, ‘‘ലോറിയും ബസും ചീറിപ്പായുന്ന റോഡാണ്.
എപ്പോൾ വേണമെങ്കിലും അപകടമുണ്ടാകാം, ദേശീയ പാതയിൽ കെട്ടിനിൽക്കുന്ന മഴവെള്ളം ഓട ഇല്ലാത്തതിനാൽ സർവീസ് റോഡിലേക്കാണ് ഒഴുകിയെത്തുന്നത്.
സർവീസ് റോഡ് എന്ന് പറയാൻ പോലും പറ്റില്ല. പണി തീരാതെ കല്ലും കുഴിയും നിറഞ്ഞ് കിടക്കുകയാണ്.
മഴവെള്ളം കൂടി ഒഴുകിയെത്തുന്നതോടെ ചെളിയും കല്ലും നിറഞ്ഞ് വെള്ളക്കെട്ടായി കാല് വെക്കാൻ പറ്റാത്ത സ്ഥിതി’’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

