തിരുവനന്തപുരം: സിപിഎം ഏരിയ കമ്മിറ്റി യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനം. പിണറായി വിജയൻ എംഎൽഎ സ്ഥാനം രാജിവെച്ച് മാതൃക കാണിക്കണമെന്ന് പാറശാല ഏരിയ സെക്രട്ടറി അഡ്വ: എസ് അജയകുമാർ ആവശ്യപ്പെട്ടു.
ഏരിയ കമ്മിറ്റിയിൽ നടന്ന റിപ്പോർട്ടിംഗിനിടെയാണ് നേതൃത്വത്തിനെതിരെ വിമർശനങ്ങളുയർന്നത്. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ കെ ജയചന്ദ്രൻ പങ്കെടുത്ത യോഗത്തിലായിരുന്നു ഈ പരാമർശം.
പാർട്ടിക്ക് സ്വാധീനമുള്ള മേഖലകളിൽ പോലും കനത്ത പരാജയം നേരിട്ട സാഹചര്യത്തിൽ, പരാജയത്തിന്റെ പൂർണ്ണ ഉത്തരവാദിത്വം പിണറായി വിജയനാണെന്ന് യോഗത്തിൽ അഭിപ്രായമുയർന്നു.
പാർട്ടി കോട്ടകളിലും പിണറായി ആറ് റൗണ്ട് പിന്നിൽ പോയത് കടുത്ത അതൃപ്തിക്ക് കാരണമായിട്ടുണ്ട്. പ്രതിപക്ഷ നേതാവാകാൻ പിണറായി അയോഗ്യനാണെന്നും, എംഎൽഎ സ്ഥാനം രാജിവെച്ച് മാന്യത കാട്ടണമെന്നും യോഗത്തിൽ ആവശ്യമുയർന്നു.
അതേസമയം, തിരുവമ്പാടി ഏരിയ കമ്മിറ്റി യോഗത്തിൽ മുഹമ്മദ് റിയാസിനെതിരെ വിമർശനമുന്നയിച്ചവർക്കെതിരെ നടപടി ഭീഷണി ഉണ്ടായതായും റിപ്പോർട്ടുകളുണ്ട്. തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണം മുഹമ്മദ് റിയാസ് ആണെന്ന് ചില അംഗങ്ങൾ ചൂണ്ടിക്കാട്ടിയപ്പോൾ, അതിന് തെളിവ് നൽകിയില്ലെങ്കിൽ നടപടിയെടുക്കേണ്ടി വരുമെന്ന് സംസ്ഥാന സമിതി അംഗം ചന്ദ്രൻ മുന്നറിയിപ്പ് നൽകി.
തുറന്ന വിമർശനങ്ങൾ അനുവദിക്കുമെന്ന സംസ്ഥാന നേതൃത്വത്തിന്റെ നിലപാടിന് വിരുദ്ധമായാണ് ഇത്തരമൊരു ഭീഷണി ഉണ്ടായത്. കൂടാതെ, എം വി ഗോവിന്ദൻ, പിണറായി വിജയൻ എന്നിവരുടെ പ്രവർത്തന ശൈലിക്കെതിരെയും യോഗങ്ങളിൽ ശക്തമായ വിമർശനങ്ങൾ ഉയർന്നുവെന്നതും ശ്രദ്ധേയമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

