എറണാകുളം മലയിടംതുരുത്തിൽ നിലനിൽക്കുന്ന കുടിയൊഴിപ്പിക്കൽ ഭീഷണി സംബന്ധിച്ച വിഷയത്തിൽ കുടുംബങ്ങൾ നേരിടുന്ന പ്രതിസന്ധികൾ ഹൈക്കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് മന്ത്രി റോജി എം. ജോൺ അറിയിച്ചു.
എറണാകുളം കളക്ടറേറ്റിൽ നടന്ന സമവായ ചർച്ചകൾക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാളെ നടക്കാനിരുന്ന കുടിയൊഴിപ്പിക്കൽ നടപടികൾ ഉണ്ടാകില്ലെന്ന് ഉറപ്പുനൽകിയ മന്ത്രി, കോടതി വിധി കുടുംബങ്ങൾക്ക് പ്രതികൂലമായാൽ ന്യായമായ പുനരധിവാസ പാക്കേജ് നടപ്പിലാക്കുമെന്നും വ്യക്തമാക്കി.
കോടതിയിൽ നിന്ന് ഉത്തരവ് വരുന്നത് വരെ തുടർനടപടികൾ നിർത്തിവെക്കുമെന്നും അതുവരെ പോലീസ് ഭാഗത്തുനിന്ന് യാതൊരു ഇടപെടലുകളും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച സർക്കാർ അഭിഭാഷകർ മുഖേന ഈ വിഷയം കോടതിയിൽ നേരിട്ട് ബോധിപ്പിക്കാനാണ് സർക്കാർ തീരുമാനം.
എന്നാൽ, തങ്ങൾ പ്രദേശത്ത് നിന്ന് മാറിത്താമസിക്കില്ലെന്ന നിലപാടിൽ കുടുംബങ്ങൾ ഉറച്ചുനിൽക്കുകയാണ്. അതേസമയം, മന്ത്രി നൽകിയ ഉറപ്പുകൾ വാക്കാലുള്ളത് മാത്രമാണെന്ന് മുൻ എംഎൽഎ പി.വി.
ശ്രീനിജൻ വിമർശിച്ചു. പോലീസ് നടപടി തടയാൻ നിയമപരമായ നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, നാളെ അഭിഭാഷക കമ്മീഷൻ എത്തുമെന്ന പ്രതീക്ഷയിൽ ജനകീയ സമിതി ഇതിനെ പ്രതിരോധിക്കുമെന്നും വ്യക്തമാക്കി.
അതേസമയം, ചർച്ചയിൽ തൃപ്തി രേഖപ്പെടുത്തുന്നതായി കുടുംബങ്ങൾ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

