എലപ്പുള്ളി പള്ളത്തേരി കുഴലൂട്ട് പറമ്പിൽ കുടുംബവഴക്കിനിടെ കിണറ്റിലേക്ക് എറിയപ്പെട്ട ആധാരം വീണ്ടെടുക്കാൻ ശ്രമിച്ച 52 വയസ്സുകാരി ലതയെ കഞ്ചിക്കോട് അഗ്നിരക്ഷാസേന സാഹസികമായി രക്ഷപ്പെടുത്തി.
ഇന്നലെ വൈകിട്ട് 5.30-ഓടെയായിരുന്നു സംഭവം. സ്വത്തുതർക്കത്തെത്തുടർന്നുണ്ടായ തർക്കത്തിനിടെ, മദ്യപിച്ചെത്തിയ മകൻ വീടിനോടു ചേർന്നുള്ള പഞ്ചായത്ത് കിണറ്റിലേക്ക് ആധാരം എറിയുകയായിരുന്നു.
ഉടൻതന്നെ കിണറിന്റെ ആൾമറയിലെ തൂണിൽ കയർ കെട്ടി ലത കിണറ്റിലിറങ്ങി. വെള്ളത്തിനു മുകളിൽ കിടന്നിരുന്ന ആധാരമടങ്ങിയ ഫയൽ വീണ്ടെടുത്ത് ബക്കറ്റിലൂടെ മുകളിലെത്തിക്കാൻ ഇവർക്ക് സാധിച്ചുവെങ്കിലും, തിരികെ കയറാൻ കഴിയാതെ കിണറ്റിൽ കുടുങ്ങിപ്പോകുകയായിരുന്നു.
നാട്ടുകാരും ബന്ധുക്കളും ചേർന്ന് കയർ ഉപയോഗിച്ചും ഏണി ഇറക്കിയും ലതയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഏകദേശം 30 അടിയോളം താഴ്ചയുള്ള കിണറ്റിൽ 25 അടിയോളം വെള്ളമുണ്ടായിരുന്നു.
നീന്തൽ അറിയാമായിരുന്നതിനാൽ കിണറ്റിലിറങ്ങിയെങ്കിലും, ശ്വാസതടസ്സം നേരിട്ടതോടെ ലതയുടെ നില വഷളായി. വാർഡ് മെംബർ വി.സന്തോഷും കസബ പൊലീസും സ്ഥലത്തെത്തി പ്രാഥമിക രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
തുടർന്ന് കഞ്ചിക്കോട് അഗ്നിരക്ഷാസേന സ്ഥലത്തെത്തി വല ഉപയോഗിച്ച് ലതയെ സുരക്ഷിതമായി മുകളിലെത്തിക്കുകയായിരുന്നു. സീനിയർ ഫയർ ഓഫിസർ എ.എസ്.വിപിൻ, സേനാംഗങ്ങളായ എ.അബുസാലി, വി.നിതിൻകുമാർ, എസ്.രാകേഷ്, പി.ഫൈസൽ, ആർ.ഫിറോസ്, വി.രഞ്ജിത്ത് എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

