സിൽവർലൈൻ അതിവേഗ റെയിൽ പദ്ധതി ഔദ്യോഗികമായി ഉപേക്ഷിച്ചെന്ന പ്രഖ്യാപനം കേരളത്തിലെ ഒട്ടേറെ സാധാരണ കുടുംബങ്ങൾക്ക് വലിയ ആശ്വാസമാണ് പകർന്നിരിക്കുന്നത്. വർഷങ്ങളായി കുടിയൊഴിപ്പിക്കലിന്റെ ഭീതിയിൽ കഴിഞ്ഞിരുന്നവർ, തങ്ങളുടെ കിടപ്പാടം ഇനി സുരക്ഷിതമാണെന്ന തിരിച്ചറിവിൽ മഞ്ഞക്കുറ്റികൾ പിഴുതെറിഞ്ഞും മധുരം പങ്കുവെച്ചും ആഹ്ലാദം പ്രകടിപ്പിച്ചു.
അങ്കമാലിയിലെ തളിയത്ത് ഫ്രാൻസിസ് – ത്രേസ്യാമ്മ ദമ്പതികൾക്ക് ഈ വാർത്ത വലിയ ആശ്വാസമാണ് നൽകുന്നത്. വായ്പയെടുത്ത് നിർമ്മിച്ച ആറു സെന്റിലെ കൊച്ചു വീടിനെച്ചൊല്ലി ഏറെക്കാലമായി അവർ ആശങ്കയിലായിരുന്നു.
പദ്ധതിയുടെ അലൈൻമെന്റ് പ്രകാരം വീട് നഷ്ടപ്പെടുമെന്ന സ്ഥിതിയായിരുന്നു നിലനിന്നിരുന്നത്. ‘‘സിൽവർലൈൻ പോലുള്ള പദ്ധതി ഒരിക്കലും തിരിച്ചു വരരുതേ എന്നാണു പ്രാർഥന.
ഒരുപാടു കഷ്ടപ്പെട്ടാണു വീടുണ്ടാക്കിയത്. അതിൽ മരണം വരെ കിടക്കണം’’ എന്നാണ് ത്രേസ്യാമ്മയുടെ പ്രതികരണം.
അങ്കമാലി ചമ്പന്നൂരിലെ കിരിയാന്തൻ ലാലിയും ആശ്വാസത്തിന്റെ പാതയിലാണ്. ഏകയായി താമസിക്കുന്ന ലാലിയുടെ മൂന്നു സെന്റ് സ്ഥലത്തെ വീടിന് വെറും പത്തു മീറ്റർ അകലെയാണ് സർവേ കല്ല് സ്ഥാപിച്ചിരുന്നത്.
ഇത് ലാലിയുടെ സ്വൈര്യജീവിതം തകർത്തിരുന്നു. ‘‘സിൽവർ ലൈൻ പദ്ധതിയുടെ സർവേ ഉദ്യോഗസ്ഥർ എത്തിയ അന്നുമുതൽ സമാധാനം നഷ്ടമായി.
വീടിനു തൊട്ടുപിന്നിൽ വെറും 10 മീറ്റർ മാത്രം അകലെയാണു മഞ്ഞക്കുറ്റി അടിച്ചത്. അതോടെ സമാധാനം നഷ്ടപ്പെട്ടു.
ഇറക്കി വിട്ടാൽ എങ്ങോട്ടു പോകുമെന്ന ആധിയിൽ തിരുവനന്തപുരം വരെ പോയി പദ്ധതിക്കെതിരെ സമരം ചെയ്തു’’ എന്ന് ലാലി ഓർക്കുന്നു. ആലുവയിലെ കീഴ്മാട് പഞ്ചായത്തിൽ കുട്ടമശേരി സിൽവർലൈൻ വിരുദ്ധ സമര സമിതിയുടെ നേതൃത്വത്തിൽ മഞ്ഞക്കുറ്റികൾ പിഴുതുമാറ്റുകയും ആഹ്ലാദപ്രകടനം നടത്തുകയും ചെയ്തു.
കുണ്ടോപ്പാടം ഭാഗത്തെ കുറ്റികളാണ് നീക്കം ചെയ്തത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലിസി സെബാസ്റ്റ്യൻ, പഞ്ചായത്ത് പ്രസിഡന്റ് സാജു മത്തായി, അംഗം ലൈസ സെബാസ്റ്റ്യൻ, മറിയ അബു എന്നിവർ ഇതിന് നേതൃത്വം നൽകി.
മാമലയിൽ പച്ചക്കറിക്കട നടത്തുന്ന മോനായിക്കും സിൽവർലൈൻ പിൻവലിച്ചത് വലിയ ആശ്വാസമാണ്.
4 സെന്റിലുള്ള തന്റെ കട നഷ്ടപ്പെടുമോ എന്ന ഭീതിയിലും, ബഫർ സോൺ കാരണം വായ്പയെടുക്കാൻ സാധിക്കാത്ത അവസ്ഥയിലുമായിരുന്നു അദ്ദേഹം.
അമ്പലമുകൾ മുതൽ മാമല വരെ ഏകദേശം 5 കിലോമീറ്ററോളം ദൂരത്തിലാണ് കുറ്റികൾ സ്ഥാപിച്ചിരുന്നത്. ചോറ്റാനിക്കരയായിരുന്നു ജില്ലയിലെ പ്രക്ഷോഭങ്ങളുടെ പ്രധാന കേന്ദ്രം.
2022 മാർച്ചിൽ നടന്ന സമരങ്ങൾ സിൽവർലൈൻ വിരുദ്ധ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ ശ്രദ്ധേയമായിരുന്നു. പദ്ധതിക്കെതിരെയുള്ള പ്രതിഷേധങ്ങളുടെ ഭാഗമായി എടുത്ത കേസുകളിൽ പലതും ഇപ്പോൾ തീർപ്പാക്കി കഴിഞ്ഞു.
ഇതിനു പുറമെ നെടുമ്പാശേരിയിലെ എളവൂരിലും സിൽവർലൈൻ വിരുദ്ധ സമര സമിതിയുടെ നേതൃത്വത്തിൽ കുറ്റികൾ നീക്കം ചെയ്തു. പിറവം, പാഴൂർ, മണീട് മേഖലകളിലും പദ്ധതിക്കെതിരെ ശക്തമായ ജനകീയ ചെറുത്തുനിൽപ്പാണ് നേരത്തെ അരങ്ങേറിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

