തിരുവനന്തപുരം: കെഎസ്ആർടിസിയുടെ പുതിയ സൂപ്പർ ഫാസ്റ്റ് പ്രീമിയം, ഫാസ്റ്റ് പാസഞ്ചർ ബസുകളുടെ രൂപകൽപ്പനയ്ക്കെതിരെ യാത്രക്കാരുടെ ഭാഗത്തുനിന്നും കടുത്ത വിമർശനം ഉയരുന്നു. ബസുകളിലെ ഗ്ലാസ് ജനലുകൾ, ഇടുങ്ങിയ പാസേജ്, മരത്തടിക്ക് സമാനമായ കടുപ്പമുള്ള സീറ്റുകൾ എന്നിവ ദീർഘദൂര യാത്രക്കാർക്ക് വലിയ ദുരിതമാണ് സമ്മാനിക്കുന്നത്.
ബസിനുള്ളിലെ ഇടുങ്ങിയ സ്ഥലസൗകര്യം കാരണം കണ്ടക്ടർമാർക്ക് ടിക്കറ്റ് പരിശോധനയ്ക്കും മറ്റുമായി സഞ്ചരിക്കാൻ ഏറെ പ്രയാസപ്പെടേണ്ടി വരുന്നതായി ജീവനക്കാരും വ്യക്തമാക്കുന്നു. കേരളത്തിന്റെ കാലാവസ്ഥയ്ക്ക് തീർത്തും അനുയോജ്യമല്ലാത്ത ഡിസൈനാണ് പുതിയ ബസുകളുടേതെന്ന് യാത്രക്കാർ ആരോപിക്കുന്നു.
ദീർഘദൂര സർവീസുകളിൽ ഭൂരിഭാഗവും ഈ ബസുകളാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. മോശം സീറ്റിംഗ് ക്രമീകരണം കാരണം യാത്രക്കാർക്ക് ശാരീരിക അസ്വാസ്ഥ്യങ്ങൾ ഉണ്ടാകുന്നതായി പരാതിയുണ്ട്.
നിലവിലുള്ള സീറ്റുകൾക്ക് ആവശ്യത്തിന് കുഷ്യനിങ് ഇല്ലാത്തതും, കുഴിഞ്ഞു താഴുന്നതും യാത്ര ദുസ്സഹമാക്കുന്നു. കൂടാതെ, ടയറിന് മുകളിൽ വരുന്ന സീറ്റുകൾ അമിത ഉയരത്തിൽ സ്ഥിതി ചെയ്യുന്നത് യാത്രക്കാരെ വട്ടംകറക്കുന്നുണ്ട്.
ബസ് നിർമാതാക്കൾ ബോഡി കോഡ് പ്രകാരം നിർമിച്ചു നൽകിയ ബസുകളാണ് കെഎസ്ആർടിസി ഏറ്റെടുത്തിരിക്കുന്നത്. എന്നാൽ, സീറ്റ് ഡിസൈനിൽ മാറ്റം വരുത്താൻ അധികൃതർ മുൻകൈ എടുത്തില്ലെന്ന ആക്ഷേപവുമുണ്ട്.
തമിഴ്നാട് ട്രാൻസ്പോർട്ട് കോർപറേഷൻ നാഗർകോവിൽ–തിരുവനന്തപുരം റൂട്ടിൽ ഉപയോഗിക്കുന്ന ബസുകൾ മാതൃകയാക്കാമെന്നും, സീറ്റ് ഡിസൈനിൽ മാറ്റം വരുത്താൻ കെഎസ്ആർടിസിക്ക് നിർദേശം നൽകാമെന്നുമാണ് ഉയരുന്ന ആവശ്യം. സ്വകാര്യ ദീർഘദൂര ബസുകളുമായി മത്സരിക്കാൻ നിലവിലെ ബസുകൾക്ക് കഴിയില്ലെന്ന വസ്തുതയും ചൂണ്ടിക്കാണിക്കപ്പെടുന്നു.
പുതിയ ബസിലെ പ്രധാന പോരായ്മകൾ:
* കുറഞ്ഞ ലെഗ് സ്പേസ്.
* പിന്നിലേക്കു ചായാൻ കഴിയാത്ത സീറ്റ്.
* ബസിനുള്ളിൽ 2 പേർക്കു ഒരുമിച്ചു നീങ്ങാൻ കഴിയാത്ത വീതികുറഞ്ഞ പാസേജ്.
* ഗ്ലാസ് വിൻഡോ കാരണം അനുഭവപ്പെടുന്ന അമിത ചൂട്. ഈ ബസുകൾ അടിയന്തരമായി പിൻവലിക്കണമെന്നാണ് യാത്രക്കാരുടെ പ്രധാന ആവശ്യമായി ഉയരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

