കൊട്ടാരക്കര സിപിഎം ഏരിയ കമ്മിറ്റി ഓഫീസിൽ ചേർന്ന മണ്ഡലം കമ്മിറ്റി യോഗത്തിൽ രൂക്ഷമായ അഭിപ്രായവ്യത്യാസം. തിരഞ്ഞെടുപ്പ് പരാജയവുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയനെയും പാർട്ടി സംസ്ഥാന നേതൃത്വത്തെയും വിമർശിക്കുന്നതിന് യോഗത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയതിനെ തുടർന്നാണ് തർക്കം ഉടലെടുത്തത്.
കരീപ്ര തെക്ക് ലോക്കൽ കമ്മിറ്റി സെക്രട്ടറി കരീപ്ര അജയകുമാറാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. “ഇങ്ങനെ പോയാൽ പാർട്ടി ഒരു കാലത്തും രക്ഷപെടില്ലെന്നു” വ്യക്തമാക്കിയ അജയകുമാർ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.
തുടർന്ന് മറ്റ് രണ്ട് അംഗങ്ങൾ കൂടി അജയകുമാറിന്റെ നിലപാടിനെ പിന്തുണച്ച് സംസാരിച്ചു. നെടുവത്തൂർ ഏരിയ സെക്രട്ടറി ജെ.രാമാനുജന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കേന്ദ്ര കമ്മിറ്റിയംഗം കെ.എൻ.ബാലഗോപാൽ എംഎൽഎ, സംസ്ഥാന കമ്മിറ്റിയംഗം എസ്.രാജേന്ദ്രൻ, ജില്ലാ സെക്രട്ടേറിയറ്റംഗം ജോർജ് മാത്യു എന്നിവർ സന്നിഹിതരായിരുന്നു.
സംസ്ഥാന നേതൃത്വത്തിനും പിണറായി വിജയനും എതിരായ വിമർശനങ്ങൾ ഉയർന്നപ്പോൾ, ഇത്തരം വിഷയങ്ങൾ ഇവിടെ ചർച്ച ചെയ്യാൻ അനുവാദമില്ലെന്നും ഏരിയ കമ്മിറ്റികളിൽ മാത്രം ഉന്നയിച്ചാൽ മതിയെന്നും ജോർജ് മാത്യു നിലപാടെടുത്തു. എന്നാൽ, സംസ്ഥാന വ്യാപകമായി സംഘടനാ വിഷയങ്ങൾ ചർച്ച ചെയ്യുന്നുണ്ടെന്നും താഴേത്തട്ടിൽ സ്വതന്ത്രമായി അഭിപ്രായം പറയാൻ സിപിഎം സംസ്ഥാന കമ്മിറ്റിയുടെ നിർദേശമുണ്ടെന്നും അജയകുമാർ തിരിച്ചുവാദിച്ചു.
എന്നാൽ ജോർജ് മാത്യു തന്റെ നിലപാടിൽ ഉറച്ചുനിന്നു. ഏരിയ കമ്മിറ്റി അംഗമല്ലാത്ത താൻ എവിടെ കാര്യങ്ങൾ പറയുമെന്ന് ചോദിച്ചുകൊണ്ട് അജയകുമാർ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.
ഇതിനുപിന്നാലെ യോഗം നടപടികൾ അവസാനിപ്പിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

