സംസ്ഥാനത്തെ പ്രധാനപ്പെട്ട കന്നുകാലിച്ചന്തകളിലൊന്നായ വാണിയംകുളം ചന്തയിൽ പെരുന്നാൾ പ്രമാണിച്ച് വൻ വ്യാപാരം.
വ്യാഴാഴ്ച മാത്രം കോടിക്കണക്കിന് രൂപയുടെ വിനിമയമാണ് ചന്തയിൽ നടന്നത്. സാധാരണ ദിവസങ്ങളിൽ പരമാവധി 35 ലോഡ് കന്നുകാലികൾ എത്തുന്ന സ്ഥാനത്ത്, ഇത്തവണ 63 ലോഡ് കന്നുകാലികളാണ് ചന്തയിലെത്തിയത്.
ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള കന്നുകാലികളുടെ വരവ് വർധിച്ചതും, അതിനനുസരിച്ച് ആവശ്യക്കാർ എത്തിയതും കച്ചവടത്തിന് വലിയ ഉണർവേകി. മലപ്പുറം, കോഴിക്കോട്, തൃശൂർ ജില്ലകളിൽ നിന്നുള്ള വ്യാപാരികളും കർഷകരുമാണ് ചന്തയിൽ എത്തിയവരിൽ ഭൂരിഭാഗവും.
ആന്ധ്രപ്രദേശ്, തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ് കൂടുതൽ കന്നുകാലികൾ എത്തിയത്. കഴിഞ്ഞ പെരുന്നാൾ കാലത്തെ അപേക്ഷിച്ച് മികച്ച കച്ചവടമാണ് ഇത്തവണ അനുഭവപ്പെട്ടത്.
തിങ്കൾ, ബുധൻ ദിവസങ്ങളിൽ ഇവിടെ ഇടച്ചന്തകളും ക്രമീകരിച്ചിട്ടുണ്ട്. ചന്തയിലെ പ്രധാന ആകർഷണമായി മാറിയത് നെല്ലിക്കുറിശ്ശി സ്വദേശിയായ ഷഫീർ വിൽപനയ്ക്കെത്തിച്ച ഭീമൻ പോത്താണ്.
മഹാരാഷ്ട്രയിൽ നിന്ന് മൂന്ന് ദിവസം മുൻപ് എത്തിച്ച മുറ ഇനത്തിൽപെട്ട ഈ പോത്തിന് 10 ലക്ഷം രൂപയാണ് ഉടമ വില നിശ്ചയിച്ചിരിക്കുന്നത്.
3000 കിലോയിലധികം ഭാരമുള്ള പോത്തിനെ കാണാൻ വൻ ജനാവലിയാണ് ചന്തയിൽ തടിച്ചുകൂടിയത്. ഇടപാടുകാർ 8 ലക്ഷം രൂപ വരെ ഈ പോത്തിന് വില പറഞ്ഞെങ്കിലും ഉടമ വിൽക്കാൻ തയ്യാറായില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

