കളമശേരി: ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് നവീകരിച്ച കുസാറ്റ് ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് രൂക്ഷമാകുന്നു. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളോട് അനുബന്ധിച്ച് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്ത ഓഡിറ്റോറിയത്തിൽ ഫാനുകൾ സ്ഥാപിക്കാത്തതാണ് പ്രധാന പരാതികൾക്ക് വഴിവെച്ചിരിക്കുന്നത്.
സംസ്ഥാനത്ത് അനുഭവപ്പെടുന്ന കടുത്ത ചൂട് ഓഡിറ്റോറിയത്തിലെ പരിപാടികളിൽ പങ്കെടുക്കുന്നവർക്ക് വലിയ ദുരിതമാണ് സമ്മാനിക്കുന്നത്. ഇന്നലെ ആരംഭിച്ച കുസാറ്റ് ചെസ് ടൂർണമെന്റിലും ഈ അസൗകര്യം നിഴലിച്ചുനിന്നു.
കുട്ടികൾ അടക്കമുള്ള മത്സരാർഥികൾ കടുത്ത ചൂടിൽ ഏറെ വലഞ്ഞു. സംഘാടകർ പെഡസ്റ്റൽ ഫാനുകൾ എത്തിച്ച് താത്കാലിക ആശ്വാസത്തിന് ശ്രമിച്ചെങ്കിലും അത് കാര്യക്ഷമമായില്ല.
2023 നവംബർ 25-ന് നാല് വിദ്യാർഥികളുടെ മരണത്തിനിടയാക്കിയ ദുരന്തത്തെത്തുടർന്ന് ഓഡിറ്റോറിയം ദീർഘകാലം അടച്ചിട്ടിരുന്നു. ഇതിനുശേഷം വിദഗ്ധ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വലിയ തുക ചെലവഴിച്ചാണ് നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്.
എന്നാൽ, ഈ നവീകരണ പദ്ധതിയിൽ സ്ഥിരമായി ഫാനുകൾ സ്ഥാപിക്കുന്നതിനെക്കുറിച്ച് അധികൃതർ വേണ്ടത്ര ശ്രദ്ധ ചെലുത്തിയിട്ടില്ലെന്ന ആക്ഷേപം ഉയരുകയാണ്. പുറമേ നിന്ന് കൊണ്ടുവരുന്ന ഫാനുകൾ പ്രവർത്തിപ്പിക്കാനാവശ്യമായ പ്ലഗ് പോയിന്റുകൾ മാത്രമാണ് സജ്ജീകരിച്ചിട്ടുള്ളതെന്നാണ് വിഷയത്തിൽ അധികൃതരുടെ വിശദീകരണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

