സംസ്ഥാന സർക്കാരിന്റെ സിൽവർലൈൻ അതിവേഗ റെയിൽ പദ്ധതി ഔദ്യോഗികമായി ഉപേക്ഷിച്ചതോടെ, കുടിയൊഴിപ്പിക്കൽ ഭീഷണി നേരിട്ടിരുന്ന നൂറുകണക്കിന് കുടുംബങ്ങൾക്ക് ആശ്വാസമായി. കിടപ്പാടം നഷ്ടപ്പെടുമോ എന്ന ആശങ്കയിൽ കഴിഞ്ഞിരുന്നവർ മഞ്ഞക്കുറ്റികൾ നീക്കം ചെയ്തും മധുരം പങ്കുവെച്ചും തങ്ങളുടെ സന്തോഷം പ്രകടിപ്പിച്ചു.
പദ്ധതിയുമായി ബന്ധപ്പെട്ട് നിലനിന്ന ദീർഘകാലത്തെ അനിശ്ചിതത്വങ്ങൾക്കും ആശങ്കകൾക്കും ഇതോടെ വിരാമമായി. അങ്കമാലി ചമ്പന്നൂരിലെ തളിയത്ത് ഫ്രാൻസിസ് – ത്രേസ്യാമ്മ ദമ്പതികൾ പദ്ധതിയുടെ പിൻമാറ്റത്തെ ഏറെ ആശ്വാസത്തോടെയാണ് നോക്കിക്കാണുന്നത്.
‘‘സിൽവർലൈൻ പോലുള്ള പദ്ധതി ഒരിക്കലും തിരിച്ചു വരരുതേ എന്നാണു പ്രാർഥന. ഒരുപാടു കഷ്ടപ്പെട്ടാണു വീടുണ്ടാക്കിയത്.
അതിൽ മരണം വരെ കിടക്കണം’’ – ത്രേസ്യാമ്മ പറഞ്ഞു. പ്രളയത്തെ അതിജീവിച്ച്, കടമെടുത്തു നിർമ്മിച്ച വീടിന് തൊട്ടടുത്ത് മഞ്ഞക്കുറ്റി സ്ഥാപിച്ചതോടെ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു ഈ കുടുംബം.
അങ്കമാലിയിലെ കിരിയാന്തൻ ലാലിയുടെ അനുഭവവും സമാനമാണ്. ‘‘സിൽവർ ലൈൻ പദ്ധതിയുടെ സർവേ ഉദ്യോഗസ്ഥർ എത്തിയ അന്നുമുതൽ സമാധാനം നഷ്ടമായി.
വീടിനു തൊട്ടുപിന്നിൽ വെറും 10 മീറ്റർ മാത്രം അകലെയാണു മഞ്ഞക്കുറ്റി അടിച്ചത്. അതോടെ സമാധാനം നഷ്ടപ്പെട്ടു.
ഇറക്കി വിട്ടാൽ എങ്ങോട്ടു പോകുമെന്ന ആധിയിൽ തിരുവനന്തപുരം വരെ പോയി പദ്ധതിക്കെതിരെ സമരം ചെയ്തു’’ – ലാലി ഓർക്കുന്നു. ആലുവ കീഴ്മാട് പഞ്ചായത്തിലെ കുട്ടമശേരിയിൽ സിൽവർലൈൻ വിരുദ്ധ സമര സമിതിയുടെ നേതൃത്വത്തിൽ സ്ഥാപിച്ചിരുന്ന മഞ്ഞക്കുറ്റികൾ നീക്കം ചെയ്തു.
പദ്ധതി ബാധിച്ചിരുന്ന തിരുവാങ്കുളത്തെ വ്യാപാരിയായ മോനായി തന്റെ പ്രതികരണം ഇങ്ങനെ രേഖപ്പെടുത്തി: ‘‘4 സെന്റിലുള്ള കട അപ്പാടെ പദ്ധതിക്കായി എടുത്തുപോകുന്ന സ്ഥിതിയിലായിരുന്നു.
മഞ്ഞക്കുറ്റിക്ക് ഇരുവശവും ബഫർ സോൺ ഉണ്ടാകുമെന്നതിനാൽ സ്ഥലം വിൽക്കാനോ ഈടു വച്ചു വായ്പയെടുക്കാനോ പറ്റില്ല. എന്തായാലും ഇപ്പോൾ ആശ്വാസമായി.’’ ചോറ്റാനിക്കര, നെടുമ്പാശേരിയിലെ എളവൂർ, പിറവം തുടങ്ങിയ പ്രദേശങ്ങളിലും പദ്ധതിക്കെതിരെ ശക്തമായ ജനകീയ പ്രതിഷേധങ്ങൾ നേരത്തെ ഉയർന്നിരുന്നു.
ചോറ്റാനിക്കര സമരത്തിന്റെ കേന്ദ്രമായി മാറിയപ്പോൾ, പിറവം, പാഴൂർ, മണീട് മേഖലകളിൽ സർവേക്കെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാർ തടയുന്ന സാഹചര്യവും ഉണ്ടായി. എളവൂരിൽ സമിതിയുടെ നേതൃത്വത്തിൽ മഞ്ഞക്കുറ്റികൾ നീക്കം ചെയ്യുന്ന നടപടികൾ നേരത്തെ തന്നെ ആരംഭിച്ചിരുന്നു.
ദീർഘകാലമായി നിലനിന്ന ആശങ്കകൾ അകന്നതോടെ സ്വന്തം മണ്ണിൽ സമാധാനത്തോടെ ജീവിക്കാമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബങ്ങളെല്ലാം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

