കേരളത്തിന്റെ വിനോദസഞ്ചാര ഭൂപടത്തിൽ സുപ്രധാന സ്ഥാനമുള്ള മൂന്നാറിൽ സഞ്ചാരികൾക്ക് നേരെ പ്രാദേശിക തലത്തിൽ നിന്നുണ്ടാകുന്ന അക്രമങ്ങൾ വിനോദസഞ്ചാര മേഖലയ്ക്ക് വലിയ തിരിച്ചടിയാകുന്നു. കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ നിരവധിയായ അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും, അധികൃതർ കാര്യക്ഷമമായ ഇടപെടലുകൾ നടത്തുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.
പലപ്പോഴും നിയമനടപടികൾക്ക് സഞ്ചാരികൾ മടികാണിക്കുന്നത് ഇത്തരം പ്രവണതകൾ വർധിക്കാൻ കാരണമാകുന്നു. മണിക്കൂറുകളോളം നീളുന്ന ട്രാഫിക് കുരുക്കുകൾക്ക് പുറമേ, ഇത്തരം ദുരനുഭവങ്ങൾ കൂടി നേരിടേണ്ടി വരുന്നത് മൂന്നാറിന്റെ ടൂറിസം സാധ്യതകളെ പ്രതികൂലമായി ബാധിക്കുമെന്ന് വ്യാപാരികൾ ആശങ്ക പ്രകടിപ്പിക്കുന്നു.
പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ രണ്ടാം മൈൽ, ഫോട്ടോ പോയിന്റ്, മാട്ടുപ്പെട്ടി, ടോപ് സ്റ്റേഷൻ, എക്കോ പോയിന്റ്, പള്ളിവാസൽ എന്നിവിടങ്ങളിലാണ് കഴിഞ്ഞ ഒരു വർഷത്തിനിടെ കൂടുതൽ അക്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. വഴിയോര കച്ചവടക്കാർ, ടാക്സി ഡ്രൈവർമാർ, ഗൈഡുമാർ എന്നിവരിൽ നിന്നാണ് സഞ്ചാരികൾക്ക് അധികവും മോശം അനുഭവങ്ങൾ നേരിടേണ്ടി വരുന്നത്.
വാഹന പാർക്കിങ്, വാഹനങ്ങൾ തമ്മിൽ ഉരസുന്നത്, ഓൺലൈൻ ടാക്സി സേവനങ്ങളുടെ ഉപയോഗം, ഗതാഗതത്തിനിടെ സൈഡ് നൽകുന്നത് തുടങ്ങിയ നിസ്സാര കാരണങ്ങൾ പോലും വലിയ സംഘർഷങ്ങൾക്ക് വഴിയൊരുക്കുന്നു. ഓൺലൈൻ ടാക്സിയിൽ എത്തുന്ന വിദേശ സഞ്ചാരികളെ വരെ തടഞ്ഞുനിർത്തി വാഹനത്തിൽ നിന്ന് ഇറക്കിവിടുന്ന സാഹചര്യങ്ങൾ പോലും ഉണ്ടായിട്ടുണ്ട്.
തമിഴ്നാട് സർക്കാരിന്റെ അധീനതയിലുള്ള ടോപ് സ്റ്റേഷനിലെ സുരക്ഷാപ്രശ്നങ്ങൾ അതിരൂക്ഷമാണ്. ദിവസവും പതിനായിരത്തിലധികം സന്ദർശകർ എത്തുന്ന ഇവിടെ കാര്യക്ഷമമായ പൊലീസ് സംവിധാനങ്ങളില്ല.
ടോപ് സ്റ്റേഷനിൽ നിന്നും 130 കിലോമീറ്റർ അകലെയുള്ള കൊരങ്ങണി പൊലീസ് സ്റ്റേഷന്റെ പരിധിയിലാണ് ഈ പ്രദേശം വരുന്നത്. ചൊവ്വാഴ്ച വർക്കലയിൽ നിന്നെത്തിയ 68 പേരടങ്ങുന്ന സംഘത്തെ വഴിയോര കച്ചവടക്കാരും നാട്ടുകാരും ചേർന്ന് മർദിച്ചത് ഒടുവിലത്തെ സംഭവമാണ്.
ബസ് കടയ്ക്ക് മുൻപിൽ നിർത്തിയെന്നാരോപിച്ച് സ്ത്രീകളും കുട്ടികളുമടക്കമുള്ളവർക്ക് നേരെയായിരുന്നു ആക്രമണം. വിവരം അറിഞ്ഞ് വട്ടവട
എയ്ഡ് പോസ്റ്റിൽ നിന്നെത്തിയ രണ്ട് പോലീസുകാരാണ് ഇവരെ രക്ഷപ്പെടുത്തിയത്. സന്ദർശകർക്ക് നേരെയുള്ള ഇത്തരം അക്രമങ്ങളും വാഹനങ്ങൾ തകർക്കുന്ന പ്രവണതകളും പതിവാകുമ്പോഴും ശക്തമായ നിയമനടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ടവർ മടിക്കുന്നത് വിമർശനങ്ങൾക്ക് കാരണമാകുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

