വാഗമൺ വിനോദസഞ്ചാര കേന്ദ്രത്തിലെ പ്രധാന ആകർഷണമായ ഗ്ലാസ് ബ്രിജ് വീണ്ടും തുറന്നുപ്രവർത്തിക്കുന്നതിൽ അനിശ്ചിതത്വം തുടരുന്നു. ടൂറിസം വകുപ്പിന് വൻ വരുമാനം നേടിക്കൊടുക്കുന്ന ഈ പദ്ധതി, കരാർ കമ്പനികൾ തമ്മിലുള്ള തർക്കത്തെത്തുടർന്നാണ് മാസങ്ങളായി അടഞ്ഞുകിടക്കുന്നത്.
കൊലാഹലമേട്ടിലെ അഡ്വഞ്ചർ ടൂറിസം പാർക്കിൽ 2023-ൽ ആരംഭിച്ച ഈ വിനോദസഞ്ചാര കേന്ദ്രം, അറ്റകുറ്റപ്പണികൾക്കായി കഴിഞ്ഞ നവംബർ 19-നാണ് അടച്ചത്. പന്ത്രണ്ടു ദിവസത്തെ പ്രവൃത്തികളാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും, അറ്റകുറ്റപ്പണികൾ പൂർത്തിയായിട്ടും സഞ്ചാരികൾക്കായി തുറന്നുകൊടുക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല.
പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണം.
അഡ്വഞ്ചർ പാർക്കിന്റെ കരാർ ഏറ്റെടുത്തിരിക്കുന്നത് കൊച്ചി ആസ്ഥാനമായ ഭാരത്മാതാ വെഞ്ചേഴ്സ് എന്ന കമ്പനിയാണ്. ഇവർ ഗ്ലാസ് ബ്രിജിന്റെ ഉപകരാർ ക്യാപ്ചർ ഡേയ്സ് എന്ന മറ്റൊരു കമ്പനിക്കു നൽകുകയായിരുന്നു.
എന്നാൽ, ഈ രണ്ട് കമ്പനികളും തമ്മിലുള്ള അഭിപ്രായവ്യത്യാസം രൂക്ഷമായതോടെ പദ്ധതിയുടെ പ്രവർത്തനം സ്തംഭിച്ചു. സുരക്ഷാ പരിശോധനയുമായി ബന്ധപ്പെട്ടാണ് പ്രധാന തർക്കം ഉടലെടുത്തിരിക്കുന്നത്.
പാലം ബലപ്പെടുത്തിയ ശേഷം 300 പേരെ ഉൾപ്പെടുത്തി ടെസ്റ്റ് ചെയ്യണമെന്ന നിർദേശം പാലിച്ചില്ലെന്ന് ആരോപിച്ച്, ഉപകരാർ കമ്പനിയെ പുറത്താക്കണമെന്ന് ഭാരത്മാതാ വെഞ്ചേഴ്സ് ആവശ്യപ്പെടുന്നു. എന്നാൽ, വിവരം തങ്ങളെ യഥാസമയം അറിയിച്ചില്ലെന്നാണ് ക്യാപ്ചർ ഡേയ്സ് അധികൃതരുടെ വാദം.
ഇതിനിടെ, ക്യാപ്ചർ ഡേയ്സ് പ്രതിനിധികൾ ഈ മേഖലയിൽ പ്രവേശിക്കുന്നത് തടഞ്ഞുകൊണ്ട് കോടതി ഉത്തരവും ഭാരത്മാതാ വെഞ്ചേഴ്സ് സമ്പാദിച്ചിട്ടുണ്ട്. ഈ പദ്ധതിയിലൂടെ ഇതിനകം സർക്കാരിന് 6 കോടിയോളം രൂപ ലഭിച്ചെന്നാണ് കരാറുകാരുടെ അവകാശവാദം.
എന്നിരുന്നാലും, ടൂറിസം വകുപ്പിന്റെ ഭാഗത്തുനിന്നും പദ്ധതി പുനരാരംഭിക്കുന്നതിനായുള്ള ഫലപ്രദമായ ഇടപെടലുകൾ ഇതുവരെ ഉണ്ടായിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

