ബെംഗളൂരു മഡിവാളയിൽ മലയാളി വിദ്യാർഥിനി പീഡനത്തിനിരയായ സംഭവത്തിൽ നിർണായക ദൃശ്യങ്ങൾ പുറത്തുവന്നു. കുറ്റം സമ്മതിച്ചുകൊണ്ട് സുൽത്താൻ ബത്തേരി സ്വദേശിയായ പ്രതി ഹൈനസ്, പെൺകുട്ടിയോടും സുഹൃത്തുക്കളോടും മാപ്പ് പറയുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് കർണാടക പോലീസ് ഉന്നതതലത്തിൽ ഇടപെടൽ നടത്തിയിട്ടുണ്ട്. വിഷയത്തിൽ കമ്മീഷണർ നേരിട്ട് ഡിസിപിയെ വിളിച്ചുവരുത്തി വിശദീകരണം തേടി.
കേസ് രജിസ്റ്റർ ചെയ്യുന്നതിൽ കാലതാമസം വരുത്തുകയും പരാതിക്കാരിയോട് മോശമായി പെരുമാറുകയും ചെയ്ത സബ് ഇൻസ്പെക്ടർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. നിലവിൽ കേസ് അന്വേഷണം മഡിവാള പോലീസ് സ്റ്റേഷനിൽ നിന്ന് ആടുഗോഡി പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്.
ആടുഗോഡി അസിസ്റ്റന്റ് കമ്മീഷണർക്കാണ് അന്വേഷണത്തിന്റെ മേൽനോട്ടച്ചുമതല. പ്രതി ഹൈനസ് കേരളത്തിലേക്ക് കടന്നതായി വിവരം ലഭിച്ചതിനെത്തുടർന്ന്, ഇയാളെ പിടികൂടാനായി കർണാടക പോലീസ് സംഘം കേരളത്തിലെത്തിയിട്ടുണ്ട്.
ഈ മാസം 12-ന് നടന്ന പാർട്ടിക്കിടയിലാണ് സംഭവം നടന്നത്. സുഹൃത്തുക്കൾ ഭക്ഷണം വാങ്ങാൻ പുറത്തുപോയ സമയത്ത് പ്രതി ഹൈനസ് പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.
തുടർന്ന് ചോദ്യം ചെയ്ത സുഹൃത്തുക്കളെ പ്രതി കുപ്പി പൊട്ടിച്ച് ആക്രമിക്കാൻ ശ്രമിച്ചു. സംഭവത്തിന് പിന്നാലെ മഡിവാള പോലീസ് സ്റ്റേഷനിൽ പരാതി നൽകാനെത്തിയെങ്കിലും, രാവിലെ 7 മുതൽ രാത്രി 11 വരെ കാത്തുനിന്നിട്ടും നടപടിയെടുക്കാൻ ഉദ്യോഗസ്ഥർ തയ്യാറായില്ല.
കേസ് ഒത്തുതീർപ്പാക്കാൻ പോലീസ് നിർബന്ധിച്ചതായും, സ്റ്റേഷനിൽ വെച്ചുതന്നെ പ്രതിയും കൂട്ടാളിയും ഭീഷണിപ്പെടുത്തിയതായും പെൺകുട്ടിയും സുഹൃത്തുക്കളും വ്യക്തമാക്കി. ഡിസിപിയുടെ നേരിട്ടുള്ള ഇടപെടലിനെത്തുടർന്നാണ് ഒടുവിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യാൻ തയ്യാറായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

