നിയമസഭയിലെ അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾക്കിടെ തളിപ്പറമ്പ് എംഎൽഎ ടി.കെ.ഗോവിന്ദന്റെ ഭാഗത്തുനിന്നുണ്ടായ ഇടപെടലുകൾ ശ്രദ്ധേയമായി. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ അടുത്തേക്ക് നേരിട്ടെത്തി ഹസ്തദാനം നൽകി അഭിവാദ്യം ചെയ്ത ശേഷമാണ് ടി.കെ.ഗോവിന്ദൻ സഭയിൽ സത്യപ്രതിജ്ഞ പൂർത്തിയാക്കിയത്.
അതീവ ഗൗരവത്തോടെയായിരുന്നു അദ്ദേഹത്തിന്റെ സത്യപ്രതിജ്ഞാ കർമ്മം. പ്രോ ടേം സ്പീക്കർ ജി.സുധാരകനെയും അദ്ദേഹം അഭിവാദ്യം ചെയ്തു.
തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ കോടിയേരി ബാലകൃഷ്ണന്റെ വസതിയിൽ ടി.കെ.ഗോവിന്ദൻ നടത്തിയ സന്ദർശനം രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിരുന്നു. ഭാര്യയ്ക്കൊപ്പം എത്തിയ അദ്ദേഹം കോടിയേരിയുടെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തുകയും, വസതിയിലെ മ്യൂസിയവും ഓർമച്ചിത്രങ്ങളും സന്ദർശിക്കുകയും ചെയ്തിരുന്നു.
പാർട്ടി വിട്ട് സ്വതന്ത്രനായി മത്സരിച്ച ഒരു നേതാവ് സിപിഎം നേതാവിന്റെ വസതിയിലെത്തുന്നത് അപൂർവമായ സാഹചര്യമാണ്. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്ന ടി.കെ.ഗോവിന്ദൻ അപ്രതീക്ഷിതമായാണ് സ്വതന്ത്ര സ്ഥാനാർഥിയായി രംഗത്തിറങ്ങിയത്.
എം.വി.ഗോവിന്ദന്റെ സിറ്റിങ് സീറ്റായ തളിപ്പറമ്പിൽ അദ്ദേഹത്തിന് പകരം പി.കെ.ശ്യാമളയെ മത്സരിപ്പിക്കാൻ തീരുമാനിച്ചതോടെയാണ് ടി.കെ.ഗോവിന്ദൻ പാർട്ടിയുമായി അഭിപ്രായഭിന്നതയിലായത്. ആറു പതിറ്റാണ്ടോളം പാർട്ടിയിൽ പ്രവർത്തിച്ച ടി.കെ.ഗോവിന്ദൻ ശ്യാമളയ്ക്കെതിരെ മത്സരിച്ചത് പാർട്ടി അണികളിൽ വലിയ ഞെട്ടലുളവാക്കിയിരുന്നു.
തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ തളിപ്പറമ്പിൽ അക്രമസംഭവങ്ങൾ അരങ്ങേറിയിരുന്നു. ടി.കെ.ഗോവിന്ദന്റെ പോസ്റ്ററുകളും ബാനറുകളും നശിപ്പിക്കപ്പെട്ട
സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. വോട്ടെടുപ്പ് ദിനത്തിൽ പോളിങ് സ്റ്റേഷനിലെത്തിയ ഗോവിന്ദനെതിരെ പ്രതിഷേധങ്ങൾ ഉയരുകയും ചെയ്തിരുന്നു.
പിണറായി വിജയനും പാർട്ടിക്കുമെതിരെ രൂക്ഷമായ വിമർശനങ്ങളാണ് ടി.കെ.ഗോവിന്ദൻ ഉന്നയിച്ചത്. ഇടതുപക്ഷം അഴിച്ചുപണി നടത്തിയില്ലെങ്കിൽ പാർട്ടിയുടെ അവസ്ഥ ഇനിയും പരിതാപകരമാകുമെന്നും ബിജെപി നേട്ടമുണ്ടാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതേസമയം, അധികാരത്തോടുള്ള വല്ലാത്ത ഭ്രമമാണ് ടി.കെ. ഗോവിന്ദനെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.െക.രാഗേഷ് കുറ്റപ്പെടുത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

