പുതിയ അധ്യയന വർഷം ആരംഭിച്ചതോടെ ആറന്മുള ഗവ. എച്ച്എസ്എസിലെ വിദ്യാർഥികളും സ്കൂൾ ഡൈനിങ് ഹാളിൽ പ്രവർത്തിക്കുന്ന അങ്കണവാടിയിലെ കുട്ടികളും കടുത്ത പ്രതിസന്ധിയിലായി.
സ്കൂൾ വിദ്യാർഥികൾക്കായി നിർമിച്ച ഡൈനിങ് ഹാൾ വർഷങ്ങളായി അങ്കണവാടിയുടെ പ്രവർത്തനത്തിനായി ഉപയോഗിക്കുന്നതാണ് നിലവിലെ പരാതികൾക്ക് കാരണം. സ്കൂൾ കുട്ടികൾക്ക് ഉച്ചഭക്ഷണം കഴിക്കാൻ മതിയായ സൗകര്യം ലഭിക്കാത്ത സാഹചര്യത്തിൽ, അങ്കണവാടി അടിയന്തരമായി ഇവിടെ നിന്ന് മാറ്റി സ്ഥാപിക്കണമെന്ന് മല്ലപ്പുഴശ്ശേരി പഞ്ചായത്ത് അധികൃതർക്ക് ജില്ലാ പഞ്ചായത്ത് നിർദേശം നൽകി.
ഹൈസ്കൂൾ വിഭാഗത്തിൽ പഠിക്കുന്ന ഇരുനൂറ്റി അൻപതോളം വിദ്യാർഥികളിൽ 187 പേരാണ് സ്കൂളിൽ നിന്ന് ഉച്ചഭക്ഷണം കഴിക്കുന്നത്. 2018-ൽ 9.5 ലക്ഷം രൂപ ചെലവഴിച്ചാണ് ജില്ലാ പഞ്ചായത്ത് ഈ ഡൈനിങ് ഹാളും കഞ്ഞിപ്പുരയും നിർമിച്ചത്.
എന്നാൽ കെട്ടിടം നിർമാണം പൂർത്തിയായ കാലം മുതൽ അങ്കണവാടി ഇവിടെ പ്രവർത്തിക്കുന്നതിനാൽ, നിലവിൽ 50 കുട്ടികൾക്ക് പോലും ഒരുമിച്ച് ഭക്ഷണം കഴിക്കാൻ ഇവിടെ സ്ഥലമില്ലാത്ത അവസ്ഥയാണുള്ളത്. സ്കൂളിലെ പഴയ ഓടിട്ട
കെട്ടിടത്തിന്റെ ക്ലാസ് മുറിയിലായിരുന്നു നേരത്തേ അങ്കണവാടി പ്രവർത്തിച്ചിരുന്നത്. ക്ലാസ് മുറിയിൽ ടൈൽ പാകുന്ന ജോലികൾ നടന്ന സമയത്ത് താൽക്കാലികമായാണ് അങ്കണവാടി ഡൈനിങ് ഹാളിലേക്ക് മാറ്റിയത്.
അന്ന് അധികൃതർ നൽകിയ ഉറപ്പ് എട്ട് വർഷമായിട്ടും പാലിക്കപ്പെട്ടിട്ടില്ല. ഏഴ് കുട്ടികൾ മാത്രം പഠിക്കുന്ന അങ്കണവാടിയുടെ പഠനം, അടുക്കള, കളിയുപകരണങ്ങൾ, വിശ്രമം എന്നിവയെല്ലാം ഈ ഒരൊറ്റ മുറിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.
ഉച്ചസമയത്ത് 187 സ്കൂൾ വിദ്യാർഥികൾ കൂടി ഭക്ഷണം കഴിക്കാൻ എത്തുമ്പോൾ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. നിലവിൽ സ്കൂളിൽ ക്ലാസുകൾ നടത്താനുള്ള മുറികൾ മാത്രമാണുള്ളത്.
വിദ്യാഭ്യാസ വകുപ്പ് പുതിയ കെട്ടിടത്തിനായി ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും നിർമാണ പ്രവർത്തനങ്ങൾ ഇതുവരെ ആരംഭിച്ചിട്ടില്ല. അങ്കണവാടിക്ക് അനുയോജ്യമായ മറ്റൊരു കെട്ടിടം കണ്ടെത്തി അവിടേക്ക് മാറ്റിയാൽ രണ്ട് വിഭാഗം കുട്ടികൾക്കും പ്രയാസമില്ലാതെ സൗകര്യങ്ങൾ ഉപയോഗിക്കാൻ സാധിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
ഇതിനായുള്ള തുടർനടപടികൾ പഞ്ചായത്ത് ഭരണസമിതിയാണ് സ്വീകരിക്കേണ്ടത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

