പൂച്ചാക്കൽ: പെരുമ്പളം നിവാസികളുടെ സ്വപ്നപദ്ധതിയായ പെരുമ്പളം പാലം ഉദ്ഘാടനം ചെയ്ത് രണ്ട് മാസം പിന്നിട്ടിട്ടും നിർമ്മാണ പ്രവൃത്തികൾ പൂർത്തിയാവാതെ തുടരുന്നത് ജനങ്ങൾക്കിടയിൽ പ്രതിഷേധത്തിനിടയാക്കുന്നു. മാർച്ച് 7-നാണ് പാലം നാടിന് സമർപ്പിച്ചത്.
ഉദ്ഘാടനത്തിന് ശേഷം ടാറിങ് പ്രവൃത്തികൾ ആരംഭിച്ച് ഒരു മാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന അധികൃതരുടെ ഉറപ്പാണ് ഇതുവരെ പാലിക്കപ്പെടാതെ പോയത്. നിലവിൽ പാലത്തിലെയും അപ്രോച്ച് റോഡിലെയും ടാറിങ് പ്രവൃത്തികൾ പാതിവഴിയിൽ നിലച്ച അവസ്ഥയിലാണ്.
ആദ്യഘട്ട ടാറിങ് ഭാഗികമായി മാത്രമാണ് പൂർത്തിയായത്.
പാലത്തിലും അപ്രോച്ച് റോഡിലും തെരുവുവിളക്കുകൾ സ്ഥാപിക്കുമെന്ന പ്രഖ്യാപനവും ഇതുവരെ നടപ്പിലായിട്ടില്ല. പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിനാണ് ഇതിന്റെ കരാർ നൽകിയിരിക്കുന്നതെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും തുടർനടപടികളൊന്നും സ്വീകരിച്ചിട്ടില്ല.
പാലത്തിൽ അനധികൃത പാർക്കിങ്ങും കച്ചവടവും വർധിച്ചതോടെ മാലിന്യപ്രശ്നങ്ങളും രൂക്ഷമായിട്ടുണ്ട്. ഭക്ഷണാവശിഷ്ടങ്ങൾ ഉൾപ്പെടെ കായലിലേക്കും പാലത്തിലേക്കും തള്ളുന്ന പ്രവണത വർധിച്ചിരിക്കുകയാണ്.
ഇതിനുപുറമെ രാത്രികാലങ്ങളിൽ സാമൂഹ്യവിരുദ്ധ ശല്യം രൂക്ഷമാണെന്നും പരാതിയുണ്ട്. പാലം ഉദ്ഘാടന ദിവസം പെരുമ്പളത്തുനിന്ന് എറണാകുളം, കോട്ടയം ജില്ലകളിലേക്ക് കെഎസ്ആർടിസി ബസ് സർവീസുകൾ പ്രഖ്യാപിക്കുകയും ഫ്ലാഗ് ഓഫ് കർമ്മം നിർവഹിക്കുകയും ചെയ്തിരുന്നു.
എന്നാൽ ടാറിങ് പൂർത്തിയാകാത്തതിനെത്തുടർന്ന് ബസ് സർവീസുകൾ ഇനിയും ആരംഭിച്ചിട്ടില്ല. അതിഥി തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങിയതാണ് നിർമ്മാണം വൈകാൻ കാരണമെന്നാണ് കരാറുകാരുടെ വിശദീകരണം.
പാലത്തിൽ ഉപേക്ഷിച്ചിരിക്കുന്ന നിർമ്മാണ യന്ത്രങ്ങളും മെറ്റലുകളും ഉൾപ്പെടെയുള്ള സാമഗ്രികൾ രാത്രികാലങ്ങളിൽ അപകട ഭീഷണി ഉയർത്തുന്നുണ്ടെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

